ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, June 28, 2013

പഠനസന്നദ്ധതയുളള വിദ്യാലയത്തില്‍


(വീണ്ടും ആ വിദ്യാലത്തിലെത്തി. കൂടെ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ പ്രസന്നകുമാരപിളളയും.
ജൂലൈ 27 നായിരുന്നു രണ്ടാം സന്ദര്‍ശനം. ആ അനുഭവക്കുറിപ്പാണ് ചുവടെ.)
ഇങ്ങനെയരു കത്ത് ഞാനിതിനു മുമ്പ് കണ്ടിട്ടില്ല. രക്ഷാകര്‍തൃയോഗത്തിനുളള ക്ഷണക്കത്താണ് വിദ്യാലയത്തിന്റെ സമീപനം വ്യക്തമാക്കുന്ന നയരേഖയായി മാറിയത്. ആ കത്ത് വായിക്കൂ.
തൊണ്ടിക്കുഴ
5/6/2013
ഫയാസിന്റെ രക്ഷിതാവിന് ,
തൊണ്ടിക്കുഴ ഗവ യു പി സ്കൂള്‍ എന്ന കുടുംബത്തിലെ ഒരംഗമായിത്തീര്‍ന്നതില്‍ ഞങ്ങള്‍ രക്ഷിതാക്കളുടേയും അധ്യാപകരുടേയും വിദ്യാര്‍ഥികളടേയും അഭിനന്ദനങ്ങള്‍.
ഞങ്ങള്‍ക്കതിലുളള അതിയായ സന്തേഷം പങ്കു വെക്കുന്നതോടൊപ്പം ഫയാസുള്‍പ്പടെ പുതിയതായി 29 കുട്ടികള്‍ ഈ വര്‍ഷം ഇതിനോടകം നമ്മുടെ സ്കൂളില്‍ ചേര്‍ന്നു എന്ന സന്തോഷ വാര്‍ത്ത കുടുംബക്കാരുമായും അയല്‍ക്കാരുമായും പങ്കുവെക്കണമെന്നു കൂടി അഭ്യര്‍ഥിക്കുന്നു.
നിങ്ങളര്‍പ്പിച്ച ഈ വിശ്വാസത്തിന് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ, സമഗ്രപുരോഗതിയിലൂടെ, മൂല്യാധിഷ്ടിത ബോധനത്തിലൂടെ കുട്ടിയെ കൈപിടിച്ചുയര്‍ത്തി നിങ്ങളോടുളള നന്ദി അര്‍പ്പിക്കാനാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. 
വരും ദിനങ്ങളില്‍ സ്കൂളിലെ ഓരോ പ്രവര്‍ത്തനവും വിലിയിരുത്തി നിര്‍ദ്ദേശങ്ങള്‍ അറിയിക്കുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുക.മുന്‍ വര്‍ഷങ്ങളില്‍ ഞങ്ങള്‍ സ്വീകിരിച്ച മാര്‍ഗത്തിന്റെ വിജയമാണ് ഈ വര്‍ഷം പുതിയതായി ചേര്‍ന്ന 29 കുട്ടികള്‍ .
ഇനി നമ്മള്‍ ഒരു കുടുംബമാണ്. ഈ കുടുംബത്തിന്റെ വിജയത്തിനായി ,പുരോഗതിക്കായി,നേട്ടങ്ങള്‍ക്കായി നമ്മള്‍ക്കൊരുമിച്ച് അണിചേരാം.
ദീര്‍ഘിപ്പിക്കുന്നില്ല. സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വീട്ടിലും സ്കൂളിലും പഠനവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അധ്യാപകരോടൊപ്പം ചേര്‍ന്നിരുന്നു    കുട്ടിയുടെ എല്ലാ തരത്തിലുമുളള പുരോഗതി ഉറപ്പുവരുത്തുന്നതിനായി ജൂണ്‍ 11 ചൊവ്വാഴ്ച്ച രണ്ടു മണിക്ക് ചേരുന്ന യോഗത്തിലേക്ക് കുട്ടിയുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രക്ഷിതാവ് ( അച്ഛനോ അമ്മയോ) നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
വിശ്വസ്തതയോടെ
സി.സി. രാജന്‍
ഹെഡ് മാസ്റ്റര്‍
HM PHONE 9446341371
ഓരോ കുട്ടിയുടേയും പേരിലാണ് കത്ത്.പുതിയതായി ചേര്‍ന്ന രക്ഷിതാക്കളുടെ അറിവിലേക്കായി ഗവ യു പി സ്കൂള്‍ തൊണ്ടിക്കുഴ പ്രവര്‍ത്തനങ്ങള്‍ ഒറ്റ നോട്ടത്തില്‍ എന്ന അനുബന്ധവും ചേര്‍ത്തിട്ടുണ്ട്.അതില്‍ ഇരുപത്തിയഞ്ച് കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞിരിക്കുന്നു.
അതു വായിക്കുന്ന ഏതൊരു രക്ഷിതാവിനും മനസിലാകും തന്റെ കുഞ്ഞ് സുരക്ഷിതമായ കരങ്ങളിലാണെന്ന്.
മാറ്റത്തിന്റെ പുതിയ പാഠം
പ്രഥമാധ്യാപകന്‍ സി. സി. രാജന്‍സാര്‍ പറഞ്ഞു തുടങ്ങി..
പണ്ട് മുറ്റത്തുളള ഈ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ സമീപത്തുളള രക്ഷിതാക്കള്‍ പോലും സന്നദ്ധമായിരുന്നില്ല. ഈ സ്കൂളിന്റെ കോമ്പൗണ്ടിലൂടെ കുട്ടികള്‍ നടന്ന് അടുത്തുളള പൊതുവിദ്യാലയത്തില്‍ പോകും. ടി സിയുമായി മറ്റു വിദ്യാലയങ്ങളില്‍ ചെന്നാല്‍ പറയും "തൊണ്ടിക്കുഴേന്നാണോ? ബുദ്ധിമുട്ടുണ്ട്. "
മറ്റു വിദ്യാലയങ്ങളുടെ പരിഹാസം
രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വിദ്യാലയത്തോടു വിരോധം
ഇപ്പോള്‍ സ്ഥിതി ആകെ മാറി. ഇത്തവണ ആറു ഹൈസ്കൂളുകാരാണ് തൊണ്ടിക്കുഴയുടെ പൊന്നോമനകളെ തങ്ങളുടെ വിദ്യാലയത്തില്‍ ചേര്‍ക്കാനായി ക്യാന്‍വാസ് ചെയ്യാന്‍ വന്നത്. അതു ഡിവിഷന്‍ ഒപ്പിക്കാനല്ല. അവരുടെ വിദ്യാലയത്തിന് ഈ കുട്ടികള്‍ അഭിമാനമാകുമെന്നറിയാമെന്നതിനാലാണ്
അബ്ദുള്‍ ഖാദര്‍സാര്‍ കൂട്ടിച്ചേര്‍ത്തു മറ്റു വിദ്യാലയങ്ങള് സന്ദര്‍ശിക്കുമ്പോഴുളള അനുഭവം. ഒരു ക്വിസ് പ്രോഗ്രാം നടത്തുന്നതിനായി അടുത്ത ഹൈസ്കൂളില്‍ പോയി.അപ്പോളവിടെയുളള അധ്യാപകര്‍ പറയുകയാണ് "ദേ, നിഷയുടെ സാറു വന്നിരിക്കുന്നു". ആ വിദ്യാലയത്തിലെ മികച്ച കുട്ടിയുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്നതിലുളള സന്തോഷം, സംതൃപ്തി അബ്ദുല്‍ഖാദര്‍സാര്‍ മറച്ചുവെച്ചില്ല.
         രാജന്‍സാര്‍ തുടര്‍ന്നു. ഞാന്‍ വരുന്നതിനു മുമ്പ് അധ്യാപകര്‍ക്കു നാണമായിരുന്നു
ഈ വിദ്യാലയത്തിലെ അധ്യാപകരെന്നറിയപ്പെടുന്നതില്‍
കുട്ടികളുടെ പൊതുപരിപാടികള്‍ ഇല്ല. ശിശുദിനത്തിന് റാലി പോലും സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ക്കാലോചിക്കാന്‍ പോലും കഴിയുന്നില്ല. വിരലിലെണ്ണാവുന്ന കുട്ടികളേയും കൊണ്ട് റാലി നടത്തി പരിഹാസ്യരാകാനോ? രാജന്‍സാര്‍ ചുമതല ഏറ്റ ശേഷം ചിത്രം മാറി. ആദ്യത്തെ ശിശുദിനറാലി.ഒരു കിലോമീറ്റര്‍ ദൂരം .വര്‍ഷങ്ങള്‍ക്കു ശേഷം തൊണ്ടിക്കുഴയിലെ കുട്ടികള്‍ സമൂഹത്തിനു മുമ്പാകെ പ്രത്യക്ഷപ്പെടുകയാണ്. ഇന്ത്യയിലെ എല്ലാജനവിഭാഗങ്ങളുടേയും വേഷങ്ങളും സംസ്കാരത്തനിമയും ആ റാലിയില്‍ സന്നിവേശിപ്പിച്ചിരുന്നു. മിനി ഇന്ത്യയാണ് റാലി. അതു കണ്ട സമൂഹം കുട്ടികളോടൊപ്പം കൂടി. വ്യാപാരികള്‍ കുട്ടികള്‍ക്കു മധുരം നല്‍കി. സമൂഹം പ്രോത്സാഹിപ്പിച്ചു. അഭിനന്ദനപ്രവാഹം. തൊണ്ടക്കുഴയുടെ പുതിയ പാഠങ്ങള്‍ ആരംഭിക്കുകയായി.
മുന്നിലേക്കു നോക്കുന്നവര്‍ക്കേ മുന്നോട്ടു നയിക്കാനാകൂ. വീക്ഷണത്തിന്റെ പ്രത്യേകതയാണ് ദിശ തീരുമാനിക്കുന്നത്. തൊണ്ടിക്കുഴയുടെ പുതിയ ടിം നാടിന്റെ ഹൃദയകവാടം തുറന്നകത്തു കയറി.
പങ്കാളിത്തവും വിജയവും
പങ്കാളിത്തം എന്നതു പ്രധാനം വിജയം പിറകേ വരും ഇതാണ് രാജന്‍സാറിന്റെ കാഴ്ചപ്പാട്. എല്ലാ മത്സരങ്ങള്‍ക്കും കുട്ടികളെ പങ്കെടുപ്പിക്കാന്‍ തുടങ്ങി.ദിനാചരണങ്ങള്‍ ഭംഗിയായി നടത്തി.എല്ലാ കുട്ടികളും നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്നവരാണെന്നുറപ്പു വരുത്താനുളള ഇടപെടലുകള്‍ ഉണ്ടായി. പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ബാധ്യത അധ്യാപകര്‍ കടമയായി കണക്കാക്കി.ക്ലബ്ബുകള്‍ സജീവമാക്കി.ഇങ്ങനെ പറഞ്ഞാല്‍ മനസിലാകില്ല. ഉദാഹരണം വേണ്ടേ
ഞങ്ങള്‍ ചെല്ലുമ്പോള്‍ വിദ്യാലയ വരാന്തയിലെ ബോര്‍ഡില്‍ ശബ്ദം ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യം. ഈ ചോദ്യം രാവിലെ കുട്ടികളുടെ ചിന്തയില്‍ കയറിയിരിക്കുകയാണ്. അല്ല ശബ്ദം ഉണ്ടാകുന്നതെങ്ങനെയാണ്? അവര്‍ പരസ്പരം ചോദിക്കും. ശാസ്ത്രക്ലബ്ബിന്റെ പതിമൂന്നാമത്തെ പരീക്ഷണത്തിനു മുന്നോടിയായുള ചോദ്യമാണത്. ഇടവേളയില്‍ ക്ലാസ് ലീഡര്‍മാരുടെ യോഗമുണ്ട്.അതില്‍ ശാസ്ത്രക്ലബ്ബംഗങ്ങള്‍ ആ രഹസ്യം അനാവരണം ചെയ്യും. ട്യൂണിംഗ് ഫോര്‍ക്ക് കുട്ടികളുടെ കാതില്‍ മന്ത്രിക്കും. ലീഡര്‍മാര്‍ പരീക്ഷണം പരിശീലിക്കും. വിശദീകരിണരീതിയുടെ റിഹേഴ്സല്‍ നടത്തും. പിന്നെ ക്ലാസിലേക്ക്. ലീഡര്‍മാരെത്തുമ്പോള്‍ കുട്ടികള്‍ക്കറിയാം ആ വലിയ ചോദ്യത്തിനുത്തരം ഇതാ വെളിപ്പെടാന്‍ പോകുന്നു. പിന്നീട് പരീക്ഷണാനുഭവം. ഹായ് ! കണ്ടെത്തലിന്റെ സന്തോഷം. വീട്ടില്‍ ചെന്നാലീ കുട്ടികള്‍ മാതാപിതാക്കളോട് ഈ ചോദ്യം ഉന്നയിക്കും. എന്നിട്ട്  സുല്ലിടീപ്പിച്ച ശേഷം ശാസ്ത്രം പങ്കിടും. എല്ലാ കുട്ടികളും പരീക്ഷണക്കുറിപ്പെഴുതണം. ആ ബുക്ക് വിദ്യാലയം സൗജന്യമായി നല്‍കി. വിലയിരുത്തലിനും പരീക്ഷണക്കുറിപ്പ് പുസ്തകം വിധേയം.ക്ലബ് പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും നേട്ടമുണ്ടാകും വിധം ആസൂത്രണം ചെയ്തിരിക്കന്നു.
ലൈബ്രറി കൗണ്‍സില്‍. വിദ്യാഭ്യാസ വകുപ്പ്, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം എന്നിവ നടത്തിയ മത്സരങ്ങളില്‍ ജില്ലയിലൊന്നാം സ്ഥാനം നേടിയ ഈ വിദ്യാലയം മേളകളില്‍ വിവധ തലങ്ങളില്‍ നേട്ടം കൊയ്ത് ജനകീയാംഗീകാരത്തോടെ ധീരമായ ചുവടുകള്‍ വെക്കുകയാണ്.
അസംബ്ലിയില്‍ എയ്റോബിക്സ് വന്നതെങ്ങനെ?
ബി ആര്‍ സി എയ്റോബിക്സില്‍ പരിശീലനം നടത്തി. അതില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. പങ്കെടുത്തവര്‍ പറഞ്ഞു തരക്കേടില്ല. ആരാണ് പരിശീലിപ്പിച്ചത്.? അടുത്ത ഹൈസ്കൂളിലെ പ്രജീനാമ്മടീച്ചര്‍. നല്ലത് നഷ്ടപ്പെടാന്‍ പാടില്ല. വിദ്യാലയം അങ്ങനയാണ് ചിന്തിച്ചത്. ഒന്നാം ക്ലാസിലെ അധ്യാപിക സിന്ധു ടീച്ചര്‍ പറഞ്ഞു ഞാന്‍ പോയി പഠിച്ചു വരാം. നേരെ പ്രജീനടീച്ചറുടെ അടുത്തെത്തി ശിഷ്യപ്പെട്ടു. തിരികെ വന്നു .അന്നു മുതല്‍ എയ്റോബിക്സ് വിദ്യാലയ അസംബ്ലിയുടെ ആസ്വാദ്യഘടകമായി. ബി ആര്‍ സിയിലെ പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാലയങ്ങളില്‍ എയ്റോബിക്സ് കുട്ടികളുടെ അനുഭവമാകാതെ മാറിനിന്നു. പഠനസന്നദ്ധതയുളള സിന്ധു ടീച്ചര്‍ അധ്യാപകര്‍ക്കു നല്‍കുന്ന സന്ദേശം അമൂല്യം തന്നെ. എയ്റോബിക്സില്ലാത്ത സ്കൂള്‍ വാര്‍ഷികത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. പ്രഭാതങ്ങളെ ഉന്മേഷം കൊണ്ടു നിറയ്ക്കാന്‍ ഇതിനു കഴിയുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.
കമ്പ്യൂട്ടര്‍ലാബിലെ ടീച്ചര്‍
പ്രവൃത്തി പരിചയത്തിനു നിയോഗിക്കപ്പെട്ട അധ്യാപികയാണ് വിദ്യാലയത്തിലെ കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ നായിക. ആ ശേഷിയും പഠിച്ചെടുത്തത്. എല്ലാ അധ്യാപകര്‍ക്കും കംമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ട്. പുറത്തു നിന്ന് ആളെ വെച്ചു പഠിപ്പിക്കുന്ന വിദ്യാലയങ്ങളെ എനിക്കറിയാം. അധ്യാപകര്‍ക്കു പഠിക്കാന്‍ സന്നദ്ധതയില്ലെങ്കില്‍ കുട്ടികളുടെ പഠനസന്നദ്ധത ഏത്രയാകുമെന്നൂഹിക്കാവുന്നതേയുളളൂ. പതിമൂന്നു കമ്പ്യൂട്ടറുകള്‍. അവയുടെ ഓരോന്നിന്റെയും അടുത്ത് കുട്ടികളുടെ നമ്പരുണ്ട്. അതനുസരിച്ച് മാത്രമേ അവ ഉപയോഗിക്കാന്‍ പാടുളളൂ. യൂസര്‍നെയിം ആ നമ്പരുകാര്‍ക്കു മാത്രമേ അറിയൂ. ഇത്തരം ക്രമീകരണം പഠനച്ചിട്ടയുണ്ടാക്കാന്‍ സഹായകമാണ്. മൂന്നാം ക്ലാസുമുതലുളള കുട്ടികള്‍ കമ്പ്യൂട്ടര്‍ പരസഹായമില്ലാതെ കൈകാര്യം ചെയ്യും.
കായിക വിദ്യാഭ്യാസം ഇങ്ങനെ
ഡ്രില്‍ പീരീഡെന്നു പറഞ്ഞാല്‍ ഒഴിവു പിരീഡെന്നാണ് പലരും വിചാരിച്ചിട്ടുളളത്. കായിക വിദ്യാഭ്യാസത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനാലാണ് ഈ ചിന്ത. തൊണ്ടിക്കുഴ സ്കൂളിലെ കായികവിദ്യാഭ്യാസത്തിന് ചിട്ടയുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുളളവര്‍ക്ക് ഒരേസമയം കായികവിദ്യാഭ്യസത്തിനുളള പീരിയഡ്. എന്താ അലോചിക്കാന്‍ പ്രയാസമുണ്ടോ? ഈ സമയം കുട്ടികള്‍ എന്തു ചെയ്യണം. ഗ്രീന്‍ ക്ലബ്ബിലെ അതുല്‍ അല്ലെങ്കില്‍ ബ്ലൂ ക്ലബ്ബിലെ റസീന ഏതു കായികപരിപാടിയിലാണ് ബുധനാഴ്ച്ച പങ്കെടുക്കേണ്ടത് എന്ന് മുന്‍ കൂട്ടി തീരുമാനിച്ചിട്ടുണ്ട്.സൈക്കിളിംഗ്, കാരംസ്, ചെസ്, ഡൈസ്, ടെന്നിക്വയ്റ്റ്, സ്കിപ്പിംഗ്, സ്കേറ്റിംഗ്, സീസോ,ഷട്ടില് തുടങ്ങിയവയിലുളള പരിശീലനത്തിലൂടെ വ്ദ്യാര്‍ഥികള്‍ നിശ്ചയിക്കപ്പെട്ട ദിനങ്ങളില്‍ മാറിമാറി കടന്നു പോകും
 കായികപരിശീലനത്തില്‍ ആണ്‍ പെണ്‍ വിവേചനമില്ല
ഏഴുവര്‍ഷം കൊണ്ട് എല്ലാവരും ഈ കായികപരിശീലനത്തില്‍ മുന്നിലെത്തും. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.
ഉച്ചഭക്ഷണക്കൂട്ടം
ഉച്ചഭക്ഷണ സമയമായി. കുട്ടികളില്‍ ചിലര്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. ചിലര്‍ക്ക് വിദ്യാലയം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷണശാലയിലെത്തി. ചെറിയ ചെറിയ കൂട്ടങ്ങളായി, വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്നവര്‍ മറ്റുളളവര്‍ക്കു കൂടി തോരനും മറ്റും കരുതിയിട്ടുണ്ട്. അത് പങ്കുവെച്ച് വിഭവസമൃദ്ധമായി അവര്‍ കഴിക്കുന്നു. കാശ്മീരിലെ വിദ്യാലയസന്ദര്‍ശനാനുഭവം ഓര്‍മിയല്‍ വന്നു.അവിടെ മൂന്നു നാലു കുട്ടികള്‍ക്കുളള ഭക്ഷണം ഒരു പാത്രത്തില്‍ നല്കും. കുട്ടികള്‍ ഒരു പാത്രത്തില്‍ നിന്നുണ്ടു വളരും.വേറേ വേറേ എന്ന ശീലം നാം പഠിപ്പിച്ചെടുക്കുന്നതാണ്. തൊണ്ടിക്കുഴ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തോടൊപ്പം വലിയ മൂല്യവും കുട്ടികള്‍ സ്വാംശീകരിക്കുന്നു.സുഹൃദ്ബന്ധത്തിന്റെ കണ്ണി മുറുക്കിയെടുക്കുന്നു. പങ്കുവെക്കലിന്റെ രുചി പഠിപ്പിക്കുന്നു. അധ്യാപകരും കുട്ടികളും ഒന്നിച്ചുണ്ണുന്ന കാലം വരാതിരിക്കില്ല.
മമ്മി ആന്‍ഡ് മി
2011 ജൂലൈ 26.അമ്മമാരുടെ യോഗമാണ്. പങ്കാളിത്തം ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടുവരുവാനുളള തന്ത്രങ്ങളിലൊന്നാണ് മമ്മി ആന്‍ഡ് മി പ്രോഗ്രാം. അമ്മമാരെ വിദ്യാലയത്തില്‍ കുട്ടികള്‍ വരവേല്‍ക്കും. ഒരു പൂച്ചെണ്ടും ഉമ്മയും നല്‍കിയാണ് മാതൃയോഗത്തിലേക്കവരെ ആനയിക്കുക. ഈ വിവരം വീടുകളില്‍ അറിയിച്ചിട്ടുണ്ട്. വരാതിരിക്കുവതെങ്ങനെ?ഉമ്മ വാങ്ങണ്ടേ?ഭൂരിപ്കഷം അമ്മമാരും വന്നു. ചിലരുടെ അമ്മമാര്‍ക്കന്ന് വരാനായില്ല. പഞ്ചായത്തുമെമ്പര്‍ ശ്രീമതി പത്മാവതി ആ കുട്ടികളുടെ അമ്മയുടെ സ്ഥാനത്തുനിന്ന് ഉമ്മ ഏറ്റുവാങ്ങി. ആമുഖത്തിനു ശേഷം അമ്മയും നന്മയും ഒന്നാണ് എന്ന പാട്ടുപാടി. തുടര്‍ന്ന് അമ്മമാര്‍ക്ക് ചര്‍ച്ചാക്കുറിപ്പ് നല്‍കി. അതില്‍ മുപ്പതു കാര്യങ്ങള്‍.ആ ചര്‍ച്ചാക്കുറിപ്പിലെ ചില ഇനങ്ങള്‍ പരിചയപ്പെടാം.

  • അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നോ (വേണ്ട, അരുത്, ഇല്ല) എന്നു പറയാനുളള ആത്മധൈര്യം നിങ്ങളുടെ കുട്ടിക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടോ?
  • ഇതുവരെ വിദ്യാലയത്തില്‍ നടന്ന ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടോ
  • നമ്മുടെ സ്കൂളിന്റെ നല്ല കാര്യങ്ങള്‍ പുറത്തുളളവരോടും പരാതികള്‍ അധ്യാപകരോടുമാണോപറയാറുളളത്? അവര്‍ ചര്‍ച്ച നടത്തി. റിപ്പോര്‍ട്ടിംഗ് .ക്ലാസായി അതു മാറി. തീരുമാനങ്ങള്‍. സജീവത പ്രചോദനമായി .അടുത്ത യോഗമെന്നാണെന്ന അന്വേഷണം..വന്നാല്‍ രക്ഷിതാക്കള്‍ക്ക് പ്രയോജനമുണ്ടെങ്കില്‍ വരും. വേറെ വിദ്യാലയത്തില്‍ പി ടി എ ഉണ്ടെങ്കില്‍ പോലും അതൊഴിവാക്കി ഇവിടെ വരും.
പ്രഥമാധ്യാപകന്റെ ക്ലാസ്
എല്ലാ ദിവസവും പ്രഥമാധ്യാപകന്റെ ക്ലാസോടെയാണ് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഒമ്പത് പത്തിന് ക്ലാസാരംഭിക്കും. അതു ചിത്രരചനയാകാം. സംഗീതമാകാം, ഇംഗ്ലീഷാകാം. ഓട്ടന്‍ തുളളലും ചിലപ്പോള്‍ ക്ലാസനുഭവമാകും. മുടങ്ങാതെ തുടരുന്ന ഈ പ്രക്രിയ തോണ്ടിക്കുഴയുടെ തനിമ.
ബാലസഭയും സ്വന്തം രചനയും
വിദ്യാരംഗം സാഹിത്യവേദിയില്‍ കുട്ടികള്‍ സ്വന്തം രചനയാണവതരിപ്പിക്കുക. ക്ലാസടിസ്ഥാനത്തില്‍ നടക്കും ഉച്ചയ്ക്ക് ഒന്നരയ്ക്ക്. അധ്യാപകര്‍ ഈ സമയം ക്ലാസിലുണ്ടാകും. അവരവരുടെ ക്ലാസിലല്ല മറ്റു ക്ലാസുകളില്‍.അതിനും ക്രമമുണ്ട്. ഊഴമനുസരിച്ച് മാറി മാറി. ഇതുമൂലം എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ കഴിവുകള്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും.മാസത്തിലൊരിക്കല്‍ പൊതുപരിപാടി. കുട്ടികള്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനു ക്രമീകരണം ചെയ്യും. സ്വന്തം രചനയില്‍ ചിലത് പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിച്ച അനുഭവം ഉണ്ട്. കുട്ടികള്‍ എഴുതി സംവിധാനം ചെയ്ത നാടകവും കഥാപ്രസംഗവും പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. കലാവിദ്യാഭ്യാസം നടത്തുന്നതിന്റെ ഒരു ഉദാഹരണമിങ്ങനെ മാര്‍ഗംകളി പഠിക്കാന്‍ തീരുമാനം. ആര്‍ക്കും അറിഞ്ഞുകടാ. എവിടെ നിന്നോ ഒരു സിഡി സംഘടിപ്പിച്ച് അതൊരു അധ്യാപിക സ്വയം പരിശീലിച്ച് കുട്ടികളെ പഠിപ്പിച്ചു.
അധ്യാപകരെക്കുറിച്ച്
ഈ വിദ്യാലയത്തിലെ അധ്യാപകരെക്കുറിച്ചുളള പ്രഥമാധ്യാപകന്റെ വിലയിരുത്തല്‍ കേള്‍ക്കാനുളള താല്പര്യം പ്രകടിപ്പിച്ചു.
രാജന്‍സാര്‍ പറഞ്ഞു. ഒരു ടീച്ചറോടും ഈ നലഞ്ചു വര്‍ഷത്തിനിടയില്‍ ദേഷ്യപ്പെട്ടൊരു വാക്കു പറയേണ്ടി വന്നിട്ടില്ല. നിര്‍ബന്ധിച്ച് ഒരു പ്രവൃത്തി ചെയ്യിക്കേണ്ടി വന്നിട്ടില്ല, കര്‍ശനമായി നിര്‍ദ്ദേശിക്കേണ്ടി വന്നിട്ടില്ല. സിന്ധു ടീച്ചര്‍ മിടുക്കി, ഷൈലജ സമര്‍ഥ, പാട്ടു പാടും.സുഹ്രടീച്ചര്‍ സംഘാടക, കലാപരമായ കാര്യങ്ങളില്‍, സാഹിത്യത്തില്‍ സവിശേഷ കഴിവ്.എല്‍സിടീച്ചര്‍ കണക്കിന്റെ മേധാവിതന്നെയാണ്. സീനത്ത് ടീച്ചര്‍ പണ്ട് പഞ്ചായത്ത് മെമ്പറായിരുന്നു.സാമൂഹികശാസ്ത്രം രക്തത്തിലുണ്ട്. ലിസിടീച്ചറാണ് ഇംഗ്ലീഷിന് ഈ വിദ്യാലയത്തെ നയിക്കുന്നത്. അബ്ദുള്‍ ഖാദര്‍ സാറിനെക്കുറിച്ച് ഞാന്‍ പറയേണ്ടല്ലോ...ഓരോ ടീച്ചറിന്റേയും മികവുകള്‍ പറയുമ്പോള്‍ വല്ലാത്ത അഭിമാനം വാക്കിലും മുഖത്തും സ്ഫുരിക്കുന്നുണ്ടിയിരുന്നു.
അധ്യാപകര്‍ വിദ്യാലയത്തെ വിലയിരുത്തുന്നു
എന്താണ് നിങ്ങള്‍ക്ക് ഈ വിദ്യാലയത്തെക്കുറിച്ച് പറയാനുളളത്? ആ ചോദ്യത്തിന്റെ ഉത്തരങ്ങളിങ്ങനെ
  • ഒത്തൊരുമയുളള വിദ്യാലയം
  • പഠിക്കാന്‍ തയ്യാറുളള അധ്യാപകരുടെ വിദ്യാലയം
  • കുട്ടികളുടെ മുഴുവന്‍ ശേഷിയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം
  • ഒരോ കുട്ടിയുടേയും കുടുംബപശ്ചാത്തലം എല്ലാ അധ്യാപകര്‍ക്കും നന്നായി അറിയാവുന്ന വിദ്യാലയം
  • ടീം വര്‍ക്കുളള വിദ്യാലയം
  • വിദ്യാലയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ വിദ്യാലയം
  • നല്ല കാര്യം എവിടെ നിന്നും സ്വീകരിക്കുന്ന വിദ്യാലയം.
എന്റെ മനസില്‍ കുറിച്ചതും അവര്‍ പറഞ്ഞതും ഒന്നു തന്നെ.ഇത്രയും പാലിക്കുന്ന അധ്യാപകരുളള ഏതു വിദ്യാലയത്തിനും തലകുനിക്കേണ്ടിവരില്ല.
ഇതാണ് പ്രഥമാധ്യാപകന്റെ ഫോണ്‍ നമ്പര്‍.വിളിക്കൂ വിദ്യാലയത്തെ പ്രോത്സാഹിപ്പിക്കൂ.HM PHONE 9446341371

Wednesday, June 19, 2013

ബീമാപ്പളളി യു പി സ്കൂളില്‍ സ്വയം സന്നദ്ധ അധ്യാപകശാക്തീകരണത്തിന്റെ മാതൃക

തിരുവനന്തപുരം ജില്ലയിലെ കടലോരവിദ്യാലയം . 542 വിദ്യാര്‍ഥികള്‍ പഠിക്കുന്നു .ഈ വിദ്യാലയം സന്ദര്‍ശിച്ച ഞാന്‍ എന്റെ ഡയറിയില്‍ ഇങ്ങനെയാണ് കുറിച്ചത്.
"മനോഹരവര്‍ണങ്ങള്‍ ആകര്‍ഷകമാക്കിയ വിദ്യാലയത്തില്‍ പ്രവേശിച്ചപ്പോഴേ വലിയമനസുകളുടെ സാന്നിദ്ധ്യം അറിഞ്ഞു. ഓരോ കാഴ്ചയും വിളിച്ചു പറയുന്നു കൂട്ടായ്മയുടെ പാഠം. ഗേറ്റിനു മുന്നില്‍ സഫലം എന്ന ബാനര്‍. ഈ യാത്ര സഫലം.ഈ വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്കും മറിച്ചാവില്ല അനുഭവം.പ്രഥമാധ്യാപകന്‍ ജഗന്‍സാര്‍. ഫേസു്ബുക്കിലെ പരിചയം.ഓഫീസ് റൂമിന്റെ ലാളിത്യത്തില്‍ ഞാന്‍ സ്വീകരിക്കപ്പെട്ടു. കുട്ടികളുടെ ഡയറിയുടെ ഒരു കോപ്പി എനിക്കു സന്തോഷപൂര്‍വം അദ്ദേഹം തന്നു. അത് വിദ്യാലയപ്രതീക്ഷകളുടെ ഡയറിയാണ്. ഓരോ കുട്ടിയെക്കുറിച്ചും കരുതലുളളതിനാലാണ് ഇത്തരം ഡയറികള്‍ ഉണ്ടാകുന്നത്. അവധി ദിനത്തിലും അധ്യാപകരെല്ലാം പത്തുമണിക്ക് എത്തി. സംസ്ഥാനത്തിനു മറ്റൊരു മാതൃക സമ്മാനിക്കുന്ന അസുലഭദിനമാണിത്. സ്വയം സന്നദ്ധ അധ്യാപകശാക്തീകരണത്തിന്റെ മാതൃക. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ യശസ് ഉയര്‍ത്തുന്ന സംരംഭം. എനിക്കിന്ന് ഇവരോടൊപ്പം ചിലവഴിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹം എന്നു പറയാം. “
ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന തല വിദ്യാഭ്യസ സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നുഎല്ലാ ജില്ലകളിലല്‍ നിന്നുമുളള വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും പങ്കെടുത്ത ആ യോഗത്തില്‍ എന്റെ അവതരണം ആരംഭിച്ചത് ബീമാപ്പളളി സ്കൂള്‍ വിശേഷം പങ്കിട്ടാണ്ഞാന്‍ പറഞ്ഞു ."രണ്ടു ഹൃദയമുളളവരാണ് ഈ സ്കൂളിലുളളത്, സ്വന്തം ഹൃദയത്തിനുളളില്‍ കുട്ടികളുടെ ഹൃദയം കാത്തു സൂക്ഷിക്കുന്ന അധ്യാപകര്‍..”
ഇവിടെ പ്രവൃത്തിദിനങ്ങള്‍ പത്തു കൂടുതല്‍ ( 200+10=210.)
  • എല്ലാ മാസത്തേയും ഒന്നാം ശനിയാഴ്ച്ച അധ്യാപക ശാക്തീകരണത്തിനായി ഈ വിദ്യാലയം മാറ്റി വെച്ചിരിക്കുന്നു. ആരുടേയും സമ്മര്‍ദ്ദമില്ലാതെ ശാക്തീകരണ സന്ദര്‍ഭങ്ങള്‍ സ്വയം ആവശ്യപ്പെടുന്ന ഈ ഒരൊറ്റ തീരുമാനം കൊണ്ടു മാത്രം ഉയര്‍ന്ന അക്കാദമിക താല്പര്യം ഈ വിദ്യാലയം പ്രകടിപ്പിക്കുന്നു. എല്ലാവരും പ്രതിബദ്ധതെയക്കുറിച്ച് പ്രസംഗിക്കുന്നു. ഇവിടെ ഈ വിദ്യാലയത്തില്‍ അതു പ്രവൃത്തിയാണ്.
  • എന്തെല്ലാം കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്പ്പെടുത്തണം?. എസ് ആര്‍ ജി യോഗങ്ങളില്‍ നിന്നുയര്‍ന്നു വരുന്നക്ലാസ് റൂം പ്രശ്നങ്ങള്‍ പരിഹരിക്കാനുളള വിദഗ്ധസഹായം, പഠനപിന്നാക്കാവസ്ഥാ മേഖലകള്‍. എല്ലാവരേയും മുന്നിലെത്തിക്കാനുള തന്ത്രങ്ങള്‍, ഗണിതപഠനം  അനായാസമാക്കാനുളള സഹായം ,ഇംഗ്ലീഷ് വിനിമയശേഷിയ വര്‍ദ്ധിപ്പിക്കാനുളള സഹായം ഇവയൊക്കെ അവരാഗ്രഹിക്കുന്നു.
  • മുകളില്‍ നിന്നും തീരുമാനിക്കപ്പെട്ട പരിശീലന ഉളളടക്കമല്ല. വിദ്യാലയത്തിന്ററെ കൂട്ടായ ആലോചനയിലുടെ പരിഹരിക്കാനാകാത്ത കാര്യങ്ങളിലുളള പരിശീലനമാണ് വേണ്ടത്. വിദ്യാലയാടിസ്ഥാനത്തിലുളള പരിശീലനം . തീര്‍ത്തും ആവശ്യാധിഷ്ടിതശാക്തീകരണം. വലിയൊരു സ്വപ്നമാണിത്. അതിന്റെ പ്രായോഗികത ഈ വര്‍ഷം പരിശോധിക്കും.
  • എല്‍ പി യു പി വിഭാഗങ്ങള്‍ക്കു ചിലപ്പോള്‍ പ്രത്യേകം വേണ്ടിവരാം. ചിലപ്പോള്‍ ഒന്നിച്ചും. റിസോഴ്സ് പേഴ്സണിന്റെ ലഭ്യതയാണ് ഒരു പ്രശ്നമാകാനിട. പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുളളവരെ കണ്ടെത്തണം. അവരരുടെ മുന്നൊരുക്കം പ്രധാനം. അധ്യാപകരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ വിദ്യാലയം തുടങ്ങിവെച്ച ഈ സംരംഭം തന്നെ ആവേശം നഷ്ടപ്പെട്ടു നിലച്ചുപോകാനിടയുണ്ട്. ഇതു മൂന്‍ കൂട്ടിക്കാണുകയും സ്വയം മാതൃക വികസിപ്പിക്കാനും റിസോഴ്സ് പേഴ്സണാകാനും അധ്യാപകരും തയ്യാറാകണം.
  • ഈ സ്കൂളനുഭവം നല്‍കുന്ന സൂചന എന്താണ്.? മുകളില്‍ നിന്നുളള പരിശീലനങ്ങളെ കാത്ത് ഇരുന്നാല്‍ വിദ്യാലയത്തിലെ സവിശേഷമായ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. School Based Empowerment തന്നെ ഫലപ്രദം.
    മറ്റു വിദ്യാലയങ്ങളില്‍ നിന്നും മൂന്നു പേര്‍ കൂടി എത്തിയിരുന്നു. പ്രേംജിത്, സുരേഷ്, സുദര്‍ശനന്‍ ദാമോദരന്‍ (എച് എം).
  • (എനിക്കു തോന്നുന്നത് സമാനമായി ചിന്തിക്കുന്ന അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ കഴിയുമെന്നാണ്. രീതികള്‍ പങ്കിടാം. പൊതു വിഷയങ്ങളില്‍ പരിശീലനം ആകാം. ടി എ, ഡി എ ഇല്ലാത്ത കൂട്ടായ്മകള്‍. അമ്പതു രൂപാ രജിസ്ട്രേഷന്‍ ഫീസ് നിശ്ചയിച്ചാല്‍ ഊണും ചായേം ഒതുങ്ങും.) താങ്കള്‍ മുന്‍കൈഎടുക്കുമോ?
  • എനിക്ക് ഒന്നാമത്തെ ശാക്തീകരണദിനം അവര്‍ അനുവദിച്ചുതന്നു. ഗണിതം ,ഭാഷ എന്നീ വിഷയങ്ങളാണ് ഞാന്‍ മുഖ്യമായും പരിഗണിച്ചത്. ഗണിതത്തില്‍ വിവിധശേഷികളുടെ ഉദ്ഗ്രഥനം ( പരപ്പളവ്, ചുറ്റളവ്, കോണുകള്‍, രൂപങ്ങള്‍, നീളം. വീതി. മതിക്കല്‍. ചതുഷ്ക്രിയ ,അളക്കല്‍) പ്രവൃത്തിപരിചയപ്രവര്‍ത്തനത്തില്‍ ചെയ്തു കാണിച്ചു. സ്വയം വിലയിരുത്തലിന്റേയും പരസ്പര വിലയരുത്തലിന്റേയും തലങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. ഗണിതതാല്പര്യവും പ്രവര്‍‌ത്തനതാല്പര്യവും തമ്മിലുളള ബന്ധം ചില തിരിച്ചറിവുകള്‍ നല്‍കി. ഗണിതപഠനതടസ്സങ്ങള്‍ മറികടക്കാനുളള ചില സാധ്യതകള്‍ പരിചയപ്പെടുത്തി.)
ബീമാപ്പളളിസ്കൂള്‍ ഡയറിയും അദ്ധ്യാപന മികവും.
ഒരു വിദ്യാലായം കുട്ടികള്‍ക്ക ഡയറി കൊടുക്കുന്നു എന്നു പറയുന്നത് വിലിയ സംഭവണാണോ ? അതെ എന്നു ഉത്തരം കിട്ടുന്ന അപൂര്‍വതകളെ പരിചയപ്പെടുത്താന്‍ സന്തോഷം .
  • ബീമാപ്പളളിയുടെ ഡയറി വ്യത്യസ്തമാണ്. അതിന്റെ അവസാന പേജുകള്‍ നന്മയുടെ കുറിപ്പുകള്‍ എഴുതാനുളളതാണ്. അധ്യാപകര്‍ കുട്ടികളെ വിലയിരുത്തി അവരുടെ കഴിവുകള്‍ കണ്ടെത്തി കുറിക്കും. ഒരോ കുട്ടിക്കും നന്മയുണ്ടെന്നു പ്രഖ്യാപിക്കുന്ന അധ്യാപകമനസിനേ ഈ ശീര്‍ഷകത്തില്‍ ഡയറിയുടെ പേജുകള്‍ രൂപകല്പന ചെയ്യാനാകൂ. എല്ലാ കുട്ടികളുടേയും നന്മകള്‍ എല്ലാ മാസവും കുറിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. നിരന്തരവിലയിരുത്തല്‍ മികച്ച രീതിലിയില്‍ നടത്തിയാലേ ഇതു സാധ്യമാകൂ. അതിനവര്‍ ആലോചിക്കാതിരിക്കില്ല.
  • വിഷയാടിസ്ഥാനത്തില്‍ കുറിപ്പുകള്‍ വേണം. നിലവാരസൂചകങ്ങള്‍ പരിഗണിച്ച് സത്യസന്ധമായി കുറിക്കുകയും വേണം.
ഡയറിയുടെ മറ്റു വിശേഷങ്ങളെന്തൊക്കെയാണ്?
പേജ് നാലില്‍ ബീമാപ്പളളി സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ പ്രതിപാദിക്കുന്നു.
അവയില്‍ ചിലത് പരിചയപ്പെടാം.
  1. എന്റെ സ്കൂളില്‍ ഞാന്‍ സുരക്ഷിതയായിരിക്കും.
  2. എന്റെ വ്യക്തിത്വത്തെ മാനിച്ചുളള പെരുമാറ്റമായിരിക്കും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും എനിക്കു ലഭിക്കുക
  3. എന്റെ പഠനസമയം യാതൊരു കാരണവശാലും നഷ്ടപ്പെടുകയില്ല
  4. എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനുളള ജനാധിപത്യവേദികള്‍ എനിക്കു ലഭിക്കും
  5. എന്റെ പരാതികള്‍ ബോധിപ്പിക്കാനുളള സംവിധാനങ്ങള്‍ വിദ്യാലയത്തിലുണ്ടായിരിക്കും
  6. യാതൊരു തരത്തിലുളള വിവേചനങ്ങള്‍ക്കും എനിക്ക് വിധേയനാകേണ്ടി വരില്ല
  7. എന്റെ കലാപരവും കായികവും നിര്‍മാണപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിന് പരമാവധി അവസരങ്ങള്‍ വിദ്യാലയത്തില്‍ നിന്നും ലഭിക്കും.
  8. എന്റെ കഴിവിനനുസരിച്ചുളള പഠനവേഗത മാനിക്കപ്പെടും
  9. നിരന്തരവിലയിരുത്തലിലൂടെ എന്റെ പഠനനിലവാരം അറിയുന്നതിനും അതു മെച്ചപ്പെടുത്തുന്നതിനുമുളള അവസരം കിട്ടും...
  10. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ രുചിയായും പോഷകസമൃദ്ധമായും എനിക്കു ലഭിക്കും
  11. വൃത്തിയുളള മൂത്രപ്പുര, കക്കൂസ് എന്നിവ ലഭ്യമായിരിക്കും
  12. ശുദ്ധമായ കുടിവെളളം ആവശ്യത്തിനു കിട്ടും
  13. മാനസീകമോ ശാരീരികമോ ആയ പീഡനങ്ങളില്‍ നിന്നും ഞാന്‍ സുരക്ഷിതനായിരിക്കും
  14. എന്റെ പ്രകൃതത്തെ മാനിച്ചുകണ്ടുളള കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പഠനത്തില്‍ ഏര്‍പ്പെടാനുളള അവസരം കിട്ടും.
ഇനിയുമുണ്ട് കുട്ടിയുടെ പക്ഷത്തുനിന്നുളള ചിന്തയുടെ ലിസ്റ്റ്. ഇവയില്‍ ചില പ്രയോഗങ്ങള്‍ ( പ്രകൃതം, പഠനവേഗത, നിരന്തര വിലയിരുത്തല്‍,..ജനാധിപത്യവേദികള്‍...) കുട്ടിക്ക് മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്. അതിന് ഉദാഹരണസഹിതമുളള വ്യാഖ്യാനങ്ങള്‍ ജൂണില്‍ നടത്തും എന്ന് പ്രഥമാധ്യാപകന്‍ പറഞ്ഞു.
അവകാശങ്ങള്‍ മാത്രമല്ല കടമകളും ഡയറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അവയില്‍ ചിലത് നോക്കൂ.
  • ക്ലാസ് മുറിക്ക് പുറത്ത് പോകുമ്പോള്‍ ലൈറ്റ്, ഫാന്‍ എന്നിവ ഓഫ് ചെയ്യും
  • സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഞാന്‍ ഭയപ്പെടുകയില്ല.
  • പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു പ്രവര്‍ത്തനവും ചെയ്യുകയില്ല
  • പൊതു ഉടമസ്ഥതയിലുളള വസ്തക്കള്‍, അന്യരുടെ വസ്തുക്കള്‍ ഇതിനൊന്നും യാതൊരു കേടുപാടുകളും വരുത്തുകയില്ല
  • ഭക്ഷണം പാഴാക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യില്ല.
തീര്‍ന്നോ ഡയറിവിശേഷം?
ഇല്ലല്ലോ..
ഒരു വര്‍ഷം മുഴുവന്‍ വിദ്യാലയത്തില്‍ എന്തെല്ലാം നടക്കുമെന്ന് സ്കൂള്‍ തുറക്കുന്നതിനു മുമ്പേ ശില്പശാല നടത്തി തീരുമാനവും ചുമതലാവിഭജനവും നടത്തിയതിന്റെ തെളിവുകള്‍ വിദ്യാലയാസൂത്രണത്തിന്റെ മികച്ച മാതൃക തന്നെ. ജൂണില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായും എഴുത്തുകാരമായും അഭിമുഖം ,ബാലസാഹിത്യകാരോടത്ത് ജൂണ്‍ ഇരുപത്തിയഞ്ച്. ചാന്ദ്രദിനത്തില്‍ ഐ എസ് ആര്‍ ഒയിലേക്ക് പഠനയാത്ര,ആഗസ്റ്റ് ഒന്നിന് സ്കൂള്‍ കലോത്സവം, ദേശീയ പോഷകാഹാരവാരത്തില്‍ അമ്മമാരുടെ ശില്പശാല,....ഇങ്ങനെ എല്ലാ മാസവും ധന്യമാക്കുന്ന ആലോചന. അത് മുന്‍കൂട്ടി ഡയറിയിലൂടെ പരസ്യപ്പെടുത്താനും കഴിഞ്ഞു. സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ക്കു മാത്രം കാണാവുന്ന സുതാര്യമല്ലാത്ത പ്രതിമാസകലണ്ടറല്ലിത്. എല്ലാവരുമറിയട്ടെ ഈ വിദ്യാലയത്തിലെന്തെല്ലാം നടക്കുന്നുവെന്ന്. എന്റെ കുട്ടിക്ക് എന്തു പങ്കാളിത്തം കിട്ടി എന്ന് ഓരോ രക്ഷിതാവും അന്വേഷിക്കട്ടെ. ഇവ പ്രായോഗികമാക്കി സമൂഹത്തെ വിശ്വാസത്തിലെടുക്കണം.
ഡയറിക്കുറിപ്പുകളും പരസ്യപ്പെടുത്തും. സ്കൂള്‍ ബ്ലോഗ് അതിനും ജാലകം തുറന്നിടും. റോസ്.ഡി. ലിമട്ടീച്ചറാണ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
  • വിദ്യാലയത്തിലെ ഫിലിം ക്ലബ്ഭിന്റെ ചുമതല ബിനുലാല്‍ മാഷിനാണെന്ന് ഡയറിയിലുണ്ട്. അതു കുട്ടികള്‍ക്കറിയാം. ക്ലബ്ബുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഡയറിക്കുറിപ്പിലും ജനാധിപത്യവേദിയിലും കുട്ടികളുടെ വമര്‍ശനങ്ങള്‍ വരാം..
ഡയറിയില്‍ ചിലവിവരണങ്ങളുണ്ട്. കുട്ടികളെ സ്വാധീനിക്കുന്നവ .രണ്ടു വര്‍ഷക്കാലം(1997 December 10- 1999 December ) റെഡ്വുഡ് മരത്തിന്റെ മുകളില്‍ 180 അടി ഉയരത്തില്‍ സത്യാഗ്രഹസമരപ്പന്തലില്‍ മഞ്ഞും മഴയും വകവെക്കാതെ സമരം ചെയ്ത ജൂലിയയുടെ കഥ മരങ്ങള്‍ക്കുവേണ്ടി ഒരു കുട്ടി എന്ന പേരില്‍ നല്‍കിയിരിക്കുന്നു. പ്രവോശനോത്സവദിനാമയ ജൂണ്‍ മൂന്ന് ജിയെ അനുസ്മരിക്കേണ്ട ദിനം കൂടിയാണെന്ന് കുട്ടികള്‍ അറിയുന്നത് ഡയറിയിലൂടെ. ഈറോം ശര്‍മിളയടക്കമുളളവരെ പരിചയപ്പെടുത്തുന്ന ഡയറി കുട്ടികളുടെ ജ്ഞാനതൃഷ്ണയെ ഊതിക്കാച്ചിയെടുക്കുന്നു. ഡയറിയുടെ ഒരു കോപ്പി കിട്ടിയല്‍ കൊളളാമെന്നാഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ക്കും ആകാമല്ലോ വേറിട്ട ചിന്ത.....
  • ഡയറി സര്‍ഗാത്മകാവിഷ്കാരമാക്കിയെടുക്കാനാണ് ബീമാപ്പളളി യു പി സ്കൂളിലെ അധ്യാപകര്‍ ആലോചിക്കുന്നത്.
(തിരുവനന്തപുരം സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ഈ സ്കൂളിലേക്കും വരാം. )
ഡയറി എങ്ങനെ ഫലപ്രദമാക്കാം എന്നു ഞങ്ങള്‍ ആലോചിച്ചു. ആദ്യമായി നന്മകളുടെ കുറിപ്പുകള്‍ എങ്ങനെയാകണം എന്നത് ചര്‍ച്ചയ്കെടുത്തു.
പ്രേംജിത് സ്വന്തം അനുഭവം പറഞ്ഞു
കുട്ടികളുടെ നന്മകള്‍, അതു കുറിക്കുകയും ക്രോഡീകരിച്ച് രക്ഷിതാക്കള്‍ക്കു നല്‍കുകയും ചെയ്ത അനുഭവം ആവേശം പകര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി.
നന്മയുടെ പുസ്തകം ആദ്യം മുതല്‍ എഴുതിത്തുടങ്ങണം. വിഷയാടിസ്ഥാനത്തില്‍ നന്മകള്‍ കുറിക്കുമ്പോള്‍ ഉദാഹരണസഹിതം എഴുതണം. "മഴയെക്കുറിച്ചുളള വിവരണം -അനുഭവങ്ങളെ നല്ല ഭാഷയില്‍ ശക്തമായി അവതരിപ്പിക്കാനുളള കഴിവു പ്രകടമാക്കി. മഴ എന്നെ കല്ലെറിഞ്ഞു എന്നതു പോലെയുളള പ്രയോഗം ഗംഭീരം. എഴുത്തിലിത്രയും മികവുളള സജീം ക്ലാസിനഭിമാനം" എന്നതു പോലെ. ഈ എഴുത്ത് ഒരു വെല്ലുവിളിയാണ്. നിലവിലുളള നിരന്തരവിലയിരുത്തല്‍ ഫീഡ്ബാക്കിനെ പ്രചോദനവാക്യങ്ങളിലേക്കു മാറ്റല്‍.
ഡയറി എങ്ങനെ കുട്ടികള്‍ എഴുതണം.?
എന്നും എല്ലാം കുട്ടികളും എഴുതണം. ആദ്യം സ്കൂളില്‍ കരട് എഴുതാന്‍ സമയം നല്‍ക്കാം. ഭാഷാക്ലാസില്‍ ഡയറിഎഴുത്ത് പ്രോസസ് ചെയ്യണം. കുട്ടികള്‍ എഴുതിയത് പങ്കിടണം. അവയുടെ നന്മകള്‍ പറയിക്കണം ( ഞാനെഴുതിയതില്‍ നിന്നും വ്യത്യസ്തമായി എഴുതിയതു കണ്ടെത്താന്‍ പറഞ്ഞാല്‍ മതി)
ആശയഭൂപടം തയ്യാറാക്കിയ ശേഷം ഗ്രൂപ്പ് രചന. എല്ലാ അംഗങ്ങളും അതില്‍ എഴുതണം.ഗ്രൂപ്പുകള്‍ കൈമാറി എഡിറ്റിംഗ് നടത്തണം.ആശയം (ഉളളടക്കം ) എന്തെല്ലാമാകാം?

  •  ക്ലാസനുഭവം
  • സ്കൂള്‍ അനുഭവം
  • വ്യക്തിപരമായ അനുഭവങ്ങള്‍
  • ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നവ.. വിശദാംശമെത്രത്തോളം? ദിനാന്ത്യ വിലയിരുത്തല്‍ വേണമോ? ഇഷ്ടപ്പെട്ടവ..) പ്രസക്തമായവ എങ്ങനെ തീരുമാനിക്കും?
ആശയക്രമീകരണത്തിന്റെ അനുയോജ്യത ,അവതരണരീതി?ആകര്‍ഷകമായ തുടക്കമാണോ?
ഭാഷ? ആലങ്കാരിക ഭാഷ, ഉദാഹരണം, താരതമ്യം, സൂക്ഷ്മത, സംക്ഷിപ്തത, വാക്യവൈവിധ്യം.
അനുഭവംസ്വന്തം ചിന്ത ,സ്വയം വിലയിരുത്തല്‍ ഇവ ഡയറിയെ മെച്ചപ്പെടുത്തുമോ?
ഓരോ ദിവസവും ഇടപെടലുകള്‍ .ഭാഷാപരം, ഘടനാപരം,
മികച്ചവ ഓരോ ദിവസവും ഡോക്യമെന്റ് ചെയ്യണം. ഫോട്ടോ എടുത്താല്‍ മതി. അതേ പോലെ ബ്ലോഗിലേക്കു പോകും. പ്രിന്‍റടുത്തു സൂക്ഷിക്കാം. ക്ലാസ് ഫോള്‍ഡറിലും.
ചെറിയ ക്ലാസുകളില്‍ പദസൂര്യന്‍ രീതിയില്‍ തുടങ്ങാം. ചിത്രങ്ങള്‍ വരച്ച് ചെറിയ അടിക്കുറിപ്പാകാം. പ്രധാനസംഭവം പറയിച്ച് വാര്‍ത്തയുടെ തലക്കെട്ടാക്കാം. ഇത്തരം തലക്കെട്ടു വാക്യങ്ങള്‍ ഡയറിയിലേക്ക്.
അധ്യാപകരും ഡയറി എഴുതും. അതും പങ്കിടും.
വൈവിധ്യം ഓരോ ദിനവും
ഡയറി എന്തു ഫലം ചെയ്യും?
ക്ലാസ് പി ടി എയില്‍ ഡയറി പങ്കിടല്‍ നടത്തി രക്ഷിതാക്കളുടെ ഇടപെടല്‍, പിന്തുണ എന്നിവയ്ക് ദിശാബോധം നല്‍കാനാകും.


  • സമൂഹത്തിന് വിദ്യാലയത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിയുന്നു.( സുതാര്യ വിദ്യാലയം)
  • ഓരോ ക്ലാസിലെയും ഓരോ ദിവസവും ഡോക്യുമെന്റ് ചെയ്യപ്പെടുന്നു.
  • പ്രഥമാധ്യാപകന് മോണിറ്റര്‍ ചെയ്യാന്‍ കഴിയുന്നു
  • മികവുകള്‍ വര്‍ധിപ്പിക്കുന്നു.
  • ലേഖനപരമായ പുരോഗതി പ്രതിഫലിപ്പിക്കുന്നു ( ലേഖന പ്രശ്നങ്ങള്‍ പരിഹരിക്കുന്നു)
  • സര്‍ഗാത്മക രചനയുടെ സാധ്യതകള്‍ ഡയറിയില്‍ പരീക്ഷിക്കുന്നു
  • കുട്ടികളുടെ മനസു തുറക്കാനും പ്രശ്നങ്ങള്‍ മനസിലാക്കാനും ഡയറി പ്രയോജനപ്പെടുത്തുന്നു.
  • സ്കൂള്‍ ബ്ലോഗ് സജീവമാക്കാന്‍ കഴിയുന്നു
  • എല്ലാ കുട്ടികളും പങ്കെടുക്കുന്ന പഠനതന്ത്രമായി ഡയറിയെ മാറ്റാന്‍ കഴിയുന്നു.
  • നിരന്തരവിലയിരുത്തലിനും ഫീഡ് ബാക്കിനും ഡയറി പ്രയോജനപ്പെടുത്തുകയും കുട്ടിയുടെ പഠനപുരോഗതി രേഖയായി മാറ്റുകയും ചെയ്യുന്നു
ബീമാപള്ളി യു.പി.സ്കൂളിലെ കൂട്ടുകാരുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറം നല്‍കാന്‍ അവര്‍ക്ക് വേണ്ടിയൊരു ഡയറി പുറത്തിറങ്ങുന്നു.ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ഡയറി എഴുത്ത് ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്.സ്വന്തം അനുഭവങ്ങളിലൂടെ വളരുന്ന ചിന്തകളും ആത്മഗതങ്ങളും കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും അവനു രേഖപ്പെടുത്താന്‍ കഴിയണം.അതിനു വേണ്ടിയുള്ള ഒരു പ്രചോദനമായി ഇത് മാറുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.കുട്ടികളുടെ ലേഖനമികവ് വര്‍ധിപ്പിച്ച് സര്‍ഗാത്മക വും സ്വാഭാവികവുമായ എഴുത്തിന്‍റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ലക്ഷ്യമാണ്‌.ഒരു കടലോരപ്രദേശ മായ ഇവിടത്തെ പ്രത്യേകതകള്‍ക്കുള്ളില്‍ നിന്ന് ജീവിതത്തിന്‍റെ തുടിപ്പുകള്‍ക്കും ക്ലാസ് മുറിയിലെ വിശേഷങ്ങള്‍ക്കും  സ്വപ്നങ്ങളുടെ  ചായം നല്‍കി എഴുത്തിലൂടെ പ്രകാശിപ്പിക്കാനുള്ള പരിശീലനം ഇതിലൂടെ സാധ്യമാകും.
വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ചുവടുപിടിച്ച് സ്കൂള്‍ കലണ്ടറിനനുസൃതമായാണ്  നമ്മുടെ ഡയറിക്കു ജീവന്‍ വച്ചത് .ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഡയറികള്‍ പുറത്തിറക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.പക്ഷേ അതു സ്കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതിനു ചില പരിമിതികള്‍ നിലവിലുണ്ട്.
കൂട്ടുകാരെ തന്‍റെകടമകളെക്കുറിച്ച് ഓര്‍മപ്പെടുത്താനും അവകാശങ്ങളെക്കുറിച്ച് ധാരണകള്‍ സൃഷ്ടിക്കാനും ഇതില്‍ സാധ്യതകളുണ്ട്.ഓരോ ദിവസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് നിഗമനങ്ങള്‍ രൂപീകരിക്കുന്നതിനും ക്ലാസ്സ്പ്രവര്‍ത്തനങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സഹായകമായും ചില കുറിപ്പുകളും ഡയറി യുടെ ഭാഗമായുണ്ട്.എന്‍റെ മരം ,മണ്ണെഴുത്ത്  എന്നിവയില്‍ നിന്ന് ചില കുറിപ്പുകള്‍ എടുത്തിട്ടുണ്ട്.ദിനാഘോഷങ്ങള്‍ ,സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രധാരണ സൃഷ്ടിക്കുന്നതിനു രക്ഷിതാക്കള്‍ക്ക് ഈ ഡയറി പിന്തുടരുന്നതി ലൂടെ കഴിയും.
സ്വയം വിലയിരുത്തല്‍,പരസ്പര വിലയിരുത്തല്‍ ,ക്ലാസ്സ് വി ലയിരുത്തല്‍ തുടങ്ങിയ സാധ്യതകളും തീര്‍ച്ചയായും പ്രയോജന പ്പെടുത്താവുന്നതാണ്.കുട്ടികളുടെ മെച്ചപ്പെട്ട സൃഷ്ട്ടികള്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡിലും സ്കൂള്‍ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതാണ്.



http://upsbeemapally.blogspot.in/ സന്ദര്‍ശിക്കുക

Thursday, June 13, 2013

വായനോത്സവം 2013


വിദ്യാലയ ശാക്തീകരണത്തിനുളള പിന്തുണാക്കുറിപ്പ് -1

ഡയറ്റ് ഇടുക്കി
വായനോത്സവം 2013
വായനാവാരം വായനാസംസ്കാരം വളര്‍ത്തുന്നതിനുളള വര്‍ഷാദ്യ ഇടപെടലായി കാണണം. വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്കുക എന്നതാണ് ലക്ഷ്യം. ചില പ്രവര്‍ത്തന സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത്. ഇതിനു പുറമേയുളള പ്രവര്‍ത്തനങ്ങളുമാകാം. ഓരോ ക്ലാസിനും പ്രവര്‍ത്തനപദ്ധതി വേണം. എല്‍ പി ,യുപി നിലവാരം പരിഗണിച്ച് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തുക
ലക്ഷ്യങ്ങള്‍
  1. വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാവരിലും വായനാശീലം വളര്‍ത്തുക
  2. ക്ലാസ് വായനാക്കൂട്ടം,അമ്മമാരുടെ വായനാവേദി എന്നിവ രൂപീകരിക്കുക
  3. വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുക
  4. വായനാനുഭവങ്ങള്‍ പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുക
  5. ആസ്വാദ്യകരമായ വായനയില്‍ വൈദഗ്ദ്ധ്യം നേടുക
  6. മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക
  7. ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക.
  8. പ്രൈമറി തലത്തിലെ കുട്ടികള്‍ക്കാവശ്യമായ വായനാ സാമഗ്രികള്‍ കണ്ടെത്തുക വായനാ സാമഗ്രികള്‍ വികസിപ്പിക്കുക
  9. ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക
  10. ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍ എന്നിവയെ വായന പരിപോഷിപ്പിക്കുന്നതനായി പ്രയോജനപ്പെടുത്തുക
  11. വായന വിലയിരുത്തുന്നതിനുളള തന്ത്രങ്ങള്‍ വികസിപ്പിക്കുക.
  12. സ്കൂള്‍ തലത്തില്‍ നടക്കുന്ന വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തുക

പ്രവര്‍ത്തനങ്ങള്‍ (കരട്)
  1. ക്ലാസ് പ്രതിനിധികളുടെ യോഗം .
      ഒരു ക്ലാസില്‍ നിന്നും രണ്ടു പ്രതിനിധികള്‍.(ആണ്‍കുട്ടിയും പെണ്‍കുട്ടിയും ) യോഗത്തില്‍ വെച്ച് വായനോത്സവ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിശദാംശങ്ങള്‍ തീരുമാനിക്കണം. വായനാമോണിറ്ററിംഗ് സംഘവും ഇവരാണ്.
  2. ക്ലാസ് വായനാക്കൂട്ടങ്ങള്‍ രൂപീകരിക്കല്‍.
      അ‍ഞ്ചുപേരടങ്ങുന്ന ഗ്രൂപ്പ്. ഒരു ആഴ്ച എത്ര പുസ്തകം വായിക്കാനാകും? വായനാക്കുറിപ്പെങ്ങനെ തയ്യാറാക്കും? എന്നിവ ചര്‍ച്ച ചെയ്യുന്നു. ഒരു മാസത്തെ ലക്ഷ്യം തീരുമാനിക്കുന്നു. വായനാനുഭവങ്ങള്‍ ഒരോ ഗ്രൂപ്പിലെയും ഒരോ പ്രതിനിധി പൊതുവായി പങ്കിടുന്നു. പ്രതികരണങ്ങള്‍.പ്രോത്സാഹനം. ഇത് പുസ്തക പരിചയപ്പെടുത്തല്‍ കൂടിയാണ്
  3. വായനോത്സവം ഉദ്ഘാടനം .
      ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഒരു പുതിയ പുസ്തകം വായിച്ച അനുഭവം കൂടി പങ്കിടണം. വായനാക്കുറിപ്പിന്റെ പ്രകാശനം, അധ്യാപകരുടെ പുസ്തകം പരിചയപ്പെടുത്തല്‍, വായനാവാര സന്ദേശം, വായനോത്സവ പ്രവര്‍ത്തനപദ്ധതിയുടെ അവതരണം, അമ്മമാര്‍ക്ക് പുസ്തകം നല്കി അമ്മ വായനാവേദി രൂപീകരിക്കല്‍ ,വായിച്ച കൃതികളുടെ രംഗാവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികള്‍ ആലോചിക്കാവുന്നതാണ്.
  4. പുസ്തകചര്‍ച്ച
      മാസത്തില്‍ ഒന്നു വീതം , അവസാന വാരം തിങ്കളാഴ്ച്ച. . എല്ലാവര്‍ക്കും അവസരം ലഭിക്കണം. വായിച്ച പുസ്തകം ഇഷ്ടപ്പെടാനുളള കാരണം, അതിന്റെ സന്ദേശം, കഥാപാത്ര നിരൂപണം, പ്രധാന ആശയങ്ങള്‍,അതെങ്ങനെ എന്നെ സ്വാധീനിച്ചു ,വായിച്ചപ്പോളുണ്ടായ തോന്നലുകള്‍ തുടങ്ങിയവ അവതരിപ്പിക്കാം. നിര്‍ദിഷ്ട പുസ്തകം ആ മാസം വായിച്ചവരെല്ലാവരും ചര്‍ച്ച നയിക്കാനുണ്ടാകണം.അധ്യാപികയും ആ പുസ്തകം വായിച്ചിരിക്കണം ചര്‍ച്ചയില്‍ പങ്കെടുത്ത് കുട്ടികള്‍ കാണാത്ത തലമുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടണം. (പുസ്തകചര്‍ച്ച എങ്ങനെ സംഘടിപ്പിക്കാം എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണ്ടേ? പരിശീലനം ആവശ്യമുണ്ടോ?
  5. ആനുകാലികപ്രസിദ്ധീകരണങ്ങളും വായനയും
      ആനുകാലികങ്ങളില്‍ വരുന്ന രചനകള്‍ വായിച്ചു വിലയിരുത്തല്‍ നടത്തണം, പ്രതികരണങ്ങള്‍ ബുളളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. -വായനാവാര പ്രവര്‍ത്തനം, തുടരണം.
  6. വായനയും ആവിഷ്കാരവും
      വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള നാടകം, കഥാപ്രസംഗം, മറ്റു രംഗാവിഷ്കാരം, ചിത്രീകരണം, ഇന്‍ലാന്‍റ് മാഗസിന്‍, പതിപ്പ് തുടങ്ങിയവ
  7. രചയിതാക്കളെ പരിചയപ്പെടുത്തല്‍
      അസംബ്ലിയില്‍ ഒരു ഇനമാകണം. കൃതികള്‍ , സംഭാവന, സവിശേഷത ഇവ പരിചയപ്പെടുത്തണം,രചയിതാവിന്റെ ചിത്രം (A4 Size) പ്രദര്‍ശിപ്പിക്കണം. ഈ ചിത്രം പിന്നീട് ചിത്രഗാലറിയിലേക്ക് മാറ്റാവുന്നതാണ്. എല്ലാവര്‍ക്കും പങ്കാളിത്തം, പരിചയപ്പെടുത്തല്‍ക്കുറിപ്പകള്‍ ക്രോഡീകിരിച്ച് ലഘു പുസ്തകം തയ്യാറാക്കണം ( ഞങ്ങള്‍ക്കിഷ്ടപ്പെട്ട എഴുത്തുകാര്‍ ).അവതാരകര്‍ രചയിതാവിന്റെ ഒരു രചനയെങ്കിലും വായിച്ചിരിക്കണം. പവര്‍ പോയന്‍റ് അവതരണം, രചയിതാക്കളുടെ ജനന മരണ ദിനാചരണവുമായി ബന്ധപ്പെടുത്തി ( പ്രതിമാസം) ജൂലൈ -ബഷീര്‍, ആഗസ്റ്റ്- എസ് .കെ, സെപ്തംബര്‍-
  8. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍
  9. ആസ്വാദ്യകരമായ വായന ‌
      സ്വയം പരിശീലിക്കല്‍, അവതരണം, പരസ്പര വിലയിരുത്തല്‍, സെപ്തംബര്‍മാസം
  10. കാവ്യകൂട്ടം
      പ്രതിവാര അവതരണം, പതിനഞ്ചു മിനിറ്റ് ബുധനാഴ്ച്ച ഉച്ചയ്ക്ക്.
  11. വായനാസാമഗ്രികള്‍ വികസിപ്പിക്കല്‍
      ഒന്ന്, രണ്ട് ക്ലാസുകള്‍ക്കു വേണ്ടി വായനാസാമഗ്രികള്‍ ശേഖരിക്കല്‍ , കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രാദേശിക എഴുത്തുകാരുടേയും അധ്യാപകരുടേയും പങ്കാളിത്തമുളള രചനാശില്പശാല സംഘടിപ്പിക്കല്‍. രചനകള്‍ സ്പൈറല്‍ ബൈല്‍ഡ് ചെയ്ത് കുട്ടികളുടെ വായനാസാമ്ഗ്രിയായി ഉപയോഗിക്കല്‍
  12. വായനാപുരോഗതി വിലയിരുത്തല്‍
      പ്രദര്‍ശന ബോര്‍ഡ് ,പരസ്പര വിലയിരുത്തല്‍ ,വായനാക്വിസ്.വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് ഇവയുടെ ഗ്രേഡ് ഉയര്‍ത്താനുളള പരിപാടികള്‍, വായനയുടെ തലങ്ങള്‍ പരിചയപ്പെടുത്തല്‍ , വിമര്‍ശനാത്മക വായന പരിചയപ്പെടുത്തിയതിനു ശേഷമുളള കുറിപ്പുകളുടെ നിലവാരം. വായന ഫീഡ് ബാക്ക് നല്‍കല്‍..
  13. വായനയും ദിനാചരണങ്ങളും
      ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനുളള തന്ത്രങ്ങള്‍ (ക്വിസ്,, കുറിപ്പ്, അവതരണങ്ങള്‍ )
  14. പത്രവായന
      ലക്ഷ്യം:ഓരോ ദിവസവും വൈവിധ്യമുളള രീതിയില്‍ പത്രവായന വിദ്യാലയങ്ങളില്‍ നടത്തുന്നതിനുളള മാതൃകകള്‍ വികസിപ്പിക്കുക..
      മാധ്യമ വിശകലനം, വാര്‍ത്തയോടുളള പ്രതികരണം അവതരിപ്പിക്കല്‍ എന്നിവയ്ക്കു അവസരം ഒരുക്കാവുന്നതാണ്. വാര്‍ത്തകള്‍ തെരഞ്ഞെടുത്തതിന്റെ ഔചിത്യം, വൈവിധ്യം, പ്രസക്തി, അവതരണ രീതി, ആശയവിനിമയക്ഷമത എന്നിവ പരിഗണിച്ച് പത്രവാര്‍ത്താവതരണം വിലയിരുത്തി പ്രോത്സാഹിപ്പിക്കണം. അസംബ്ലിയില്‍ പത്ര ക്വിസ് നടത്താം. ആഴ്ചയിലൊരിക്കല്‍ ക്ലാസ് പത്ര പ്രകാശനവും നടത്തണം.
  15. ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍
      വൈവിധ്യമുളള രീതികള്‍ പരിശോധിക്കല്‍, മാതൃകകള്‍ വികസിപ്പിക്കല്‍
  16. ലൈബ്രറി സജീവമാക്കല്‍
      പുസ്തകവിതരണ രജിസ്റ്റര്‍, കുട്ടിലൈബ്രേറിയന്മാര്‍, ക്ലാസ് തലത്തില്‍ വായനാ പുരോഗതി മോണിറ്ററ്‍ ചെയ്യല്‍, പുസ്തകപ്രദര്ശനം, കാറ്റലോഗ് നിര്‍മാണം, പുസ്തകങ്ങള്‍ നിലവാരമനുസരിച്ചും വിഭാഗം പരിഗണിച്ചും തരം തിരിക്കല്‍
  17. 'ഇ വായന' സാധ്യത കണ്ടെത്തല്‍ .
      വിക്കിപീഡിയ പരിചയപ്പെടുത്തല്‍ , നെറ്റില്‍ നിന്നും വിവരം ശേഖരിക്കാനുളള നൈപുണി വികസിപ്പിക്കല്‍, വായനാക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ബ്ലോഗുകള്‍ ആരംഭിക്കല്‍, ഇ പേപ്പറുകള്‍ പരിചയപ്പെടല്‍.
  18. വായനയില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയില്‍ എത്തിക്കല്‍ .
      സഹവര്‍ത്തിത വായനയുടെ സാധ്യത പ്രയോജനപ്പെടുത്തല്‍ ( പരിശീലനം ആവശ്യമുണ്ടോ?) ആക്ഷന്‍ റിസേര്‍ച്ച് അനുഭവങ്ങള്‍ പങ്കിടണോ?
  19. അമ്മമാരുടെ വായനാവേദി രൂപീകരിക്കല്‍ .
      ക്ലാസ് പിടി എയില്‍ തീരുമാനമെടുക്കണം. വായനാനുഭവങ്ങള്‍ പങ്കിടാനവസരം കൊടുക്കണം. മാസത്തിലൊരിക്കല്‍ അസംബ്ലിയില്‍ അവരിലൊരാള്‍ പുസ്തകം പരിചയപ്പെടുത്തട്ടെ. കവിതാവതരണം നടത്താം. അമ്മമാരുടെ സാഹിത്യസമാജം ആലോചിക്കാം.കലോത്സവവും.രചനാശില്പശാല നടത്താം. വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കാം. കുട്ടികളുടെ വായനാക്കുറിപ്പുകള്‍ വിലയിരുത്താനവസരം നല്‍കാം.ക്ലാസ് തലത്തിലും സ്കൂള്‍ തലത്തിലും ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച അമ്മയേയും കുട്ടിയേയും പുരസ്കാരം നല്കി പ്രോത്സീഹിപ്പിക്കാം
  20. വായനാക്കുറിപ്പുകളുടെ പതിപ്പ് . വായനാവാരപ്രവര്‍ത്തനം . മികച്ച കുറിപ്പുകള്‍ക്കു സമ്മാനം.പതിപ്പില്‍ പ്രഥമാധ്യാപികയടക്കമുളള അധ്യാപകരുടേയും രക്ഷിതാക്കളുടേയും രചനകള്‍ വേണ്ടേ?
  21. സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ് പുസ്തകം . ഓരോ ദിവസവും ഓരോ കുട്ടി എഴുതണം. വീട്ടിലുളള ആരെങ്കിലും ഒരാള്‍ പുസ്തകത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തണം. കൈമാറി കൈമാറി എല്ലാവരുടേയും രചനകളാകുമ്പോള്‍ അധ്യാപകരുടെ ആസ്വാദനക്കുറിപ്പും ( ടീച്ചേഴ്സ് വേര്‍ഷന്‍ )വിലയിരുത്തല്‍ കുറിപ്പുകളും. വീണ്ടും പ്രയാണം.
പ്രവര്‍ത്തനകലണ്ടര്‍ മാതൃക (കരട്)


ജൂണ്‍ ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ ജനുവരി
പുസ്തകചര്‍ച്ച















രചയിതാക്കളെ പരിചയപ്പെടുത്തല്‍















സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി















ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വായന
















ആസ്വാദ്യകരമായ വായന















കാവ്യകൂട്ടം















വായനാസാമഗ്രികള്‍ വികസിപ്പിക്കല്‍













വായനാസാമഗ്രികള്‍ ശേഖരിക്കല്‍













സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്














വായനാപുരോഗതി വിലയിരുത്തല്‍















വായനയും ആവിഷ്കാരവും













വായനയും ദിനാചരണങ്ങളും















ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍














ലൈബ്രറി സജീവമാക്കല്‍











ഇ വായന' സാധ്യത കണ്ടെത്തല്‍














വായനാക്കുറിപ്പുകളുടെ പതിപ്


















































  • വായനോത്സവം സബ്ജില്ലാതല ഉദ്ഘാടനം ആവശ്യമുണ്ടോ?
  • വിദ്യാലയത്തില്‍ ഒരാള്‍ക്കു ചുമതല നല്‍കേണ്ടതുണ്ടോ?
  • ചുമതലക്കാരുടെ വിലയിരുത്തല്‍ യോഗങ്ങള്‍, അവര്‍ക്കുളള പരിശീലനങ്ങള്‍ എന്നിവ വേണോ?
  • സബ്ജില്ലാ തലത്തില്‍ അനുഭവങ്ങള്‍ പങ്കിടുന്നതിനുളള സെമിനാര്‍ നടത്തുന്നതെന്നായിരിക്കണം?
  • ക്രിയാഗവേഷണരീതിയില്‍ ഈ പ്രവര്‍ത്തനത്തെ കാണാമോ?
  • മികച്ച ക്ലാസ് ലൈബ്രറികള്‍, മികച്ച വായനാക്കൂട്ടങ്ങള്‍, മികച്ച അമ്മ വായനാവേദികള്‍, മികച്ച പുസ്തകക്കുറിപ്പുകള്‍, മികച്ച ചിത്രഗാലറി, തുടങ്ങിയവ അംഗീകരിക്കണ്ടേ?
  • ഈ പ്രവര്‍ത്തനാനുഭവങ്ങളില്‍ പ്രായോഗികമായി വിജയിച്ചവ അടുത്ത വര്‍ഷം തുടരണ്ടേ?
  • നൂതനാശയങ്ങള്‍ വികസിപ്പിച്ചവരെ പ്രോത്സാഹിപ്പിക്കണ്ടേ?



ഒരു വാര്‍ത്ത വായിക്കൂ
അക്ഷരങ്ങള്‍ അടയാളമാക്കി അഞ്ഞൂറ് കൈയെഴുത്തുമാസികകള്‍
16 Mar 2013
കൂത്താട്ടുകുളം: 'എനിക്കും ഒരു കൈയെഴുത്തുമാസിക...' എല്‍കെജി മുതല്‍ ഏഴാംക്ലാസുവരെയുള്ള കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളുടെ മനസ്സുനിറയെ അക്ഷരങ്ങളുടെ അടയാളങ്ങളാണ്. കഥ, കവിത, നാടകം, യാത്രാവിവരണം, ഉപന്യാസം തുടങ്ങി വൈവിധ്യമാര്‍ന്ന രചനകളാണ് ഓരോ കൈയെഴുത്തുമാസികയുടേയും പേജുകളെ ആകര്‍ഷകമാക്കുന്നത്.

കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ എഴുത്തുപുസ്തകങ്ങള്‍ക്ക് ഓരോന്നിനും നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകനോ, ജനപ്രതിനിധിയോ, മറ്റ് മുതിര്‍ന്നവരോ അവതാരികയും ആശംസയും എഴുതിയിട്ടുണ്ട്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും കൈയെഴുത്തുമാസിക എന്ന പദ്ധതി നടപ്പാക്കുന്നത്.