ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 29, 2012

ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍

പ്രേമചന്ദ്രന്‍മാഷ് ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം ചര്‍ച്ചയ്കായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നു.
  • ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍
    പ്രേമചന്ദ്രന്‍
  • സര്‍വദാ ദുരിതവഴിയിലായ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ ഏതു പൊത്തില്‍നിന്നാണ് "അടിയന്‍ ലച്ചിപ്പോം" ആക്രോശത്തോടെ ഇപ്പോള്‍ ഏകീകൃത സിലബസ് എന്ന വിചിത്രജീവി ചാടിവീണതെന്ന് അമ്പരക്കാത്തവരില്ല. ഈ വിചിത്രവേഷത്തിന് പിറകില്‍ മറഞ്ഞിരിക്കുന്ന താത്പര്യങ്ങളുടെ ദംഷ്ട്രകള്‍ ആര്‍ത്തിയോടെ ലക്ഷ്യംവയ്ക്കുന്നത് കേരളത്തിലെ പൊതുവിദ്യാലയത്തില്‍ അവശേഷിക്കുന്ന ഇളംമേനികളില്‍ തന്നെയെന്നത് ഉറപ്പിക്കാന്‍, അത് വന്ന വഴിയും വാരിപ്പൂശിയ നിറങ്ങളും തിരിച്ചറിഞ്ഞാല്‍ മതിയാകും. ഈ വിചിത്രവാദത്തിന്റെ, ഒറ്റനോട്ടത്തില്‍ ആകര്‍ഷകമെന്ന് തോന്നാവുന്ന നീണ്ട അങ്കവസ്ത്രത്താല്‍ മൂടിവച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തെറിയാന്‍, അനുവദിക്കാനിരിക്കുന്ന അണ്‍ എയിഡഡ് സ്കൂളുകളുടെ നീണ്ട പട്ടികകളാണെന്ന് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ കാണാം. അതിന്റെ ക്രമപ്പെടുത്തിയ ചലനങ്ങള്‍ നിയന്ത്രിക്കുന്നത് പിന്നിലിരുന്നു വിരലുകള്‍ മാന്ത്രികമായി ചലിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ മേലധ്യക്ഷന്മാരുടെ താത്പര്യങ്ങളുടെ ചരടുകളാലാണെന്നും അപ്പോള്‍ വെളിപ്പെടും.

    കേരളത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്ന പാഠ്യപദ്ധതി ചര്‍ച്ചകളിലൊന്നിലും പങ്കെടുക്കാതിരിക്കുകയും അതിനെയെല്ലാം പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ചിറികോട്ടലുകള്‍കൊണ്ട് അപമാനിക്കുകയും ചെയ്ത ഒരു വിഭാഗം പുതിയ സിലബസിനു വേണ്ടിയെങ്കിലും ആദ്യമായി മുദ്രാവാക്യം മുഴക്കുമ്പോള്‍ അത് ആ നിലയിലെങ്കിലും മാനിക്കപ്പെടണം; ചര്‍ച്ച ചെയ്യപ്പെടണം. എന്തായാലും, ഭരണാനുകൂല അധ്യാപക സംഘടനകളുടെ സമ്മേളനപ്രമേയങ്ങളുടെ വിരുന്നു മേശകള്‍ വിട്ട് ഏകീകൃത സിലബസ്സിന് വേണ്ടിയുള്ള വാദം ഇപ്പോള്‍ കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന സമിതിയായ കരിക്കുലം കമ്മിറ്റി വരെ എത്തിനില്‍ക്കയാണ്. പാഠ്യപദ്ധതിയും സിലബസ്സും വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കിക്കാണുന്ന ഒരു പാഠ്യപദ്ധതി സമീപനമനുസരിച്ചായിരിക്കും എപ്പോഴും സിലബസ് രൂപീകരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നത്. സ്കൂളിന്റെ അന്തരീക്ഷം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൊതുസമൂഹം, ബോധനരീതി, പഠനസാമഗ്രികള്‍, മൂല്യനിര്‍ണയം തുടങ്ങിയവയെക്കുറിച്ചുള്ള പരികല്‍പ്പനകളില്‍ തുടങ്ങി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകള്‍ വരെ പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നു. ഓരോ കാലത്തും പാഠ്യപദ്ധതിയെ സംബന്ധിച്ച സമീപനം രൂപംകൊള്ളുന്നതിനു പിറകില്‍ സൈദ്ധാന്തികമായ ചില നിലപാടുകള്‍ ഉണ്ടാകും. അറിവിനെ സംബന്ധിച്ച സാമൂഹികവും മനശാസ്ത്രപരവും ആയ അതതുകാലത്തെ കണ്ടെത്തലുകള്‍ അവയുടെ അടിസ്ഥാനമായിരിക്കും. ആത്യന്തികമായി വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നതെന്തോ അതിന്റെ ഉദ്ദേശ്യങ്ങളും വഴികളും രീതിശാസ്ത്രവും നിര്‍ണയിക്കുന്നത് കരിക്കുലം ആയിരിക്കും. കേരളത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനെങ്കിലും സമഗ്രമായ കരിക്കുലം രൂപീകരിക്കുന്നത് ഡിപിഇപി കാലത്താണ്. കുട്ടിയുടെ പ്രകൃതം എന്താണ്? എങ്ങനെയാണ് അവര്‍ അറിവിലേക്ക് എത്തിച്ചേരുന്നത്? അധ്യാപകന്റെ റോള്‍ ഇവിടെ എന്താണ്? ക്ലാസ്റൂം വിനിമയത്തിന്റെ രീതിശാസ്ത്രം എന്താണ്? പാഠപുസ്തകങ്ങള്‍ രൂപീകരിക്കേണ്ടത് എന്തിനെ മുന്‍നിര്‍ത്തിയാണ്? പഠന പ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെ? മൂല്യനിര്‍ണയം എങ്ങനെ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ശരിയായി ചോദിക്കാനെങ്കിലും ഈ സന്ദര്‍ഭം സഹായകമായി. തുടര്‍ന്ന് 1997 ലും 2007 ലും നമ്മുടെ പാഠ്യപദ്ധതി പുനരവലോകനം നടത്തുകയും പരിഷ്ക്കരിക്കുകയും ചെയ്തു. ഈ ആലോചനകള്‍ ആരംഭിക്കുന്നത് പാഠ്യപദ്ധതിയെ സംബന്ധിച്ച ചര്‍ച്ചകളിലാണ്. ആ സമീപനം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിനു ഫലപ്രദമായ സിലബസ് നിര്‍മിക്കുക എളുപ്പമാണ്. കരിക്കുലം ഒരു കോഴ്സിനെ സംബന്ധിക്കുന്ന ആലോചനകള്‍ ആണെങ്കില്‍ സിലബസ് വിഷയത്തെ സംബന്ധിച്ചുള്ളതാണ്. എന്താണ് ക്ലാസ് മുറിയില്‍ വിനിമയം ചെയ്യേണ്ടത് എന്നതാണ് മുഖ്യമായും സിലബസ്സിന്റെ പരിഗണന. ഒരു വിഷയത്തിന്റെ പഠന വസ്തുക്കള്‍, ഉള്ളടക്കം, അതിന്റെ സമയക്രമീകരണം മുതലായവയില്‍ ആ പര്യാലോചനകള്‍ അവസാനിക്കുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും വിശാലമായ കരിക്കുലത്തെ മുന്‍നിര്‍ത്തി നിരവധി സിലബസ്സുകള്‍ ഉണ്ടാക്കാറുണ്ട്. സ്കൂള്‍, പ്രാദേശിക മേഖലകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത സിലബസ്സുകള്‍ ഉണ്ടാക്കുമ്പോഴും കോഴ്സിന്റെ കരിക്കുലത്തെ സംബന്ധിച്ച അടിസ്ഥാന സമീപനം ഒന്നായിരിക്കും.

    ദേശീയ തലത്തില്‍ 2005 ല്‍ പരിഷ്കരിച്ച പാഠ്യപദ്ധതിയനുസരിച്ചും അതിലെ ശുപാര്‍ശകള്‍ക്കനുസരിച്ചും ആണ് കേരളത്തിലടക്കം 2007 മുതല്‍ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. പഠനത്തെ സംബന്ധിച്ച അടിസ്ഥാനദര്‍ശനങ്ങള്‍, പഠനപ്രക്രിയയുടെ സവിശേഷതകള്‍, കുട്ടിയെയും അധ്യാപകനെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവയിലെല്ലാം തൊട്ടു മുന്‍പത്തെ പാഠ്യപദ്ധതിയില്‍നിന്ന് ഏറെ മുന്നോട്ടു പോകാന്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് സാധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ രൂപപ്പെടുത്തിയ പ്രസ്തുത പാഠ്യപദ്ധതി ചട്ടക്കൂടിനുസരിച്ച് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സ്വന്തം കരിക്കുലം വികസിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. 2007 ല്‍ കേരളം പ്രസ്തുത ചട്ടക്കൂടിനെ പിന്തുടര്‍ന്ന്, നമ്മുടെ സാംസ്കാരികവും പാരിസ്ഥിതികവും ആയ അടിത്തറയില്‍ നിന്നുകൊണ്ടും നമ്മുടെ ജീവിതത്തിന്റെ നിര്‍ണായകമായ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടും സമഗ്രമായ പാഠ്യപദ്ധതിക്ക് രൂപം കൊടുത്തു. പ്രസ്തുത പാഠ്യപദ്ധതിയനുസരിച്ച് ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളുടെ സിലബസ്സിന്റെ ഗ്രിഡ്ഡും തയ്യാറാക്കി. സിലബസ് തയ്യാറാക്കുമ്പോള്‍ ഓരോ വിഷയത്തിന്റെയും ദേശീയ, അന്തര്‍ദേശീയ നിലവാരംകൂടി പരിഗണിക്കുകയുണ്ടായി. പ്രൈമറി തലങ്ങളില്‍ പ്രശ്നോന്നീത സമീപനമാണ് നാം സ്വീകരിച്ചത്. നിത്യജീവിതത്തില്‍ നിരന്തരം അഭിമുഖീകരിക്കുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍കൂടി കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവരത്തക്ക പഠന പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകങ്ങളില്‍ നല്‍കിയിരുന്നു. ഓരോ വിഷയത്തിന്റെയും സാധ്യതകള്‍ക്കകത്താണ് ഇവയ്ക്ക് ഇടം നല്‍കിയത്. ദേശീയ തലത്തില്‍ തന്നെ, നാം പുതിയ പാഠ്യപദ്ധതി എന്ന് പേരിട്ടു വിളിക്കുന്ന, 1997 മുതല്‍ സംസ്ഥാനത്ത് പ്രായോഗികമാക്കിയ ശിശുകേന്ദ്രിതവും സാമൂഹിക ജ്ഞാനിര്‍മിതിവാദത്തില്‍ കെട്ടിപ്പടുത്തതും പ്രവര്‍ത്താനാധിഷ്ഠിതവുമായ പഠനരീതി സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കി(എന്‍സിഎഫ്)ന്റെ ആമുഖത്തില്‍ തന്നെ കേരളത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന പുതിയ പഠനരീതിയെ പ്രകീര്‍ത്തിക്കുന്നുമുണ്ട്. ഓര്‍മ പരിശോധനയില്‍ മാത്രമൂന്നിയ പരീക്ഷാരീതി പൊളിച്ചെഴുതുകയും കുട്ടിയുടെ മാനസികപ്രക്രിയകളെ വിലയിരുത്തുന്ന, അവര്‍ തിരിച്ചറിഞ്ഞ ആശയങ്ങളെ പ്രയോഗിക്കുന്നതിനു അവസരം നല്‍കുന്ന രീതിയിലുള്ള പരീക്ഷകള്‍ നടപ്പില്‍ വരുത്തുകയും ചെയ്തത് എന്‍സിഇആര്‍ടിയുടെ മൂല്യനിര്‍ണയ വിഭാഗത്തിനു തന്നെ അവിശ്വസനീയമായിരുന്നു. ഇപ്പോഴിതാ സിബിഎസ്ഇ ഓര്‍മ പരിശോധിക്കുക മാത്രം ചെയ്യുന്ന അവരുടെ പൊതു പരീക്ഷാ രീതികളില്‍ വലിയ മാറ്റം വരുത്താന്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ""കാണാപാഠം പഠിച്ചും കറക്കിക്കുത്തിയും പരീക്ഷയില്‍ രക്ഷപ്പെടുന്ന രീതിക്ക് അറുതി വരുത്താന്‍ സിബിഎസ്ഇ തയാറെടുക്കുന്നു. 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ക്ക് "തുറന്ന പുസ്തക പരീക്ഷാ രീതി" അടുത്ത വര്‍ഷം (2013-14) മുതല്‍ നടപ്പാക്കാനാണ് ആലോചന. പരീക്ഷയില്‍ ചോദ്യങ്ങളുണ്ടാവുന്ന പാഠഭാഗങ്ങളെക്കുറിച്ചു മുന്‍കൂട്ടി അറിയാമെന്നതൊഴിച്ചാല്‍, തുറന്ന പുസ്തക പരീക്ഷാ രീതി കടുപ്പമേറിയതായിരിക്കുമെന്നാണു സൂചന. ചോദ്യങ്ങള്‍ ലളിതമാവില്ല; കുട്ടികളുടെ വിശകലന ശേഷിയാവും പ്രധാനമായും പരീക്ഷിക്കുക. ഉത്തരങ്ങള്‍ മനഃപാഠമാക്കി പരീക്ഷയില്‍ ജയിക്കാമെന്നു കരുതുന്നവര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ടാവില്ല."" (മനോരമ വാര്‍ത്ത; 2012 ആഗസ്ത് 5 ) കുട്ടികളുടെ വിശകലന ശേഷിയും അപഗ്രഥനപാടവവും വിലയിരുത്തുന്നതിനായി നമ്മുടെ പരീക്ഷാരീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ എന്തെന്തു പരാതികള്‍ ആയിരുന്നു ഈ മാധ്യമങ്ങള്‍ക്കും ചില അധ്യാപക സംഘടനകള്‍ക്കും. ഏകീകൃത സിലബസ് ഒറ്റമൂലിയോ? "ഏകീകൃത സിലബസ് നടപ്പിലാക്കൂ.. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂ .. "എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ എന്താണ് ഏകീകൃതമായ ഈ സിലബസ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ? പുറത്തു പറയുന്നതു തന്നെയാണോ അവരുടെ ഉള്ളിലിരുപ്പ്? അല്ലെങ്കില്‍ എന്തിന് ഈ അവ്യക്തത? ഉള്ളിലുള്ളത് തുറന്നു പറയാനുള്ള ആര്‍ജ്ജവമെങ്കിലും ഭരണത്തിനു സ്തുതി പാടുന്ന ഈ സംഘങ്ങള്‍ കാണിക്കണം. ജിഎസ്ടിയു സംസ്ഥാന പ്രസിഡന്റ് തങ്ങളുടെ മുഖമാസികയില്‍ പേര് വച്ചെഴുതിയ ലേഖനത്തില്‍ (വാല്യം: 6, ലക്കം: 8; ഏകീകൃത സിലബസും ഗുണമേന്മാ വിദ്യാഭ്യാസവും) ഈ ഇരട്ടത്താപ്പ് വ്യക്തമാണ്. എന്‍സിഇആര്‍ടി നിര്‍ദ്ദേശ പ്രകാരം അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ സിലബസ്സുകള്‍ പരിഷ്കരിക്കണം എന്നതിനെ തലോടി, എന്താണ് ഏകീകൃത സിലബസ് എന്ന് വിശദമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. "എന്‍സിഇആര്‍ടി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ സ്വരൂപിച്ച് കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെയും പ്രാദേശിക പ്രാധാന്യവും കൂടി സംയോജിപ്പിച്ച് ബന്ധപ്പെട്ട എസ്സിഇആര്‍ടി കള്‍ ആവശ്യമായ രീതിയില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും വികസിപ്പിച്ചെടുക്കേണ്ടതാണ്". ഇതില്‍നിന്ന് എന്താണ് ഉരുത്തിരിച്ചെടുക്കാന്‍ കഴിയുന്നത്? എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന തരത്തില്‍ ആവണം എന്നത് മനസ്സിലാക്കാം. സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ എന്താണ്? ഇവ കേവലം പരീക്ഷാ ബോര്‍ഡുകള്‍ മാത്രമാണെന്നത് എന്തുകൊണ്ട് വ്യക്തമാക്കപ്പെടുന്നില്ല. ഇന്ത്യയിലെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും കുട്ടികളെ ലക്ഷ്യം വച്ചുള്ള ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ പരീക്ഷാബോര്‍ഡാണ് ഐസിഎസ്ഇ. അവര്‍ക്ക് കുട്ടികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആലോചിക്കേണ്ടതില്ല. അതുകൊണ്ട് ഒരു സിലബസ് അടിച്ചു പുറത്തിറക്കിയാല്‍ സ്വകാര്യ പ്രസാധകര്‍ അതിനുസരിച്ചുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കിക്കൊള്ളും. കടുകട്ടിയാണ് ഐസിഎസ്ഇ സിലബസ് എന്നാണു പൊതുധാരണ. കട്ടി സിലബസ്സിനല്ല; പുസ്തകങ്ങള്‍ക്കാണ്. വിദ്യാഭ്യാസത്തെ തികച്ചും കച്ചവട ഉത്പന്നമായിക്കാണുന്ന ഈ ആഗോള പരീക്ഷാബോര്‍ഡിനു വേണ്ടി, അതിസമ്പന്നര്‍ക്കും ട്യൂഷന്‍ ഉറപ്പുവരുത്താന്‍ കഴിവുള്ള ചെറുന്യൂനപക്ഷത്തിനു വേണ്ടി സ്വകാര്യ പ്രസാധകര്‍ പുസ്തകം തയ്യാറാക്കുമ്പോള്‍ എന്തിനു കട്ടി കുറയ്ക്കണം. ആ സ്വകാര്യ പുസ്തകങ്ങളുടെ കാഠിന്യം കേരളത്തിലെ അതിബൃഹത്തായ പൊതുവിദ്യാഭ്യാസത്തിനു മേല്‍ കെട്ടിയിറക്കണം എന്ന് വാദിക്കുന്നവര്‍ അതിന്റെ ഭാരത്താല്‍ ഞെരിഞ്ഞമരണം എന്ന് ആശിക്കുന്നത് ആരെയൊക്കെക്കുറിച്ചാവും. ആദിവാസികളുടെ, ദളിതരുടെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ, തൊഴിലാളികളുടെ മക്കള്‍. അവര്‍ തോറ്റും, അപമാനിക്കപ്പെട്ടും, പഠിക്കാന്‍ കഴിയാത്തതിന്റെ കഠിന ശിക്ഷയ്ക്ക് വിധേയരായും വിദ്യാഭ്യാസത്തിന്റെ രാജപാത ഉപേക്ഷിക്കണം. പരസ്യത്തില്‍ പറയുന്നത് പോലെ "എന്തൊരു ഐഡിയ " സിബിഎസ്ഇ ക്കും സ്വന്തമായ കരിക്കുലമോ സിലബസ്സോ ഇല്ല. അവര്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ചു തയ്യാറാക്കിയ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് സ്വീകരിക്കുന്നത് എന്നാണു വയ്പ്പ്. അത് കേന്ദ്രീയ/ നവോദയാ വിദ്യാലയങ്ങളില്‍ പാലിക്കപ്പെടും. ഭാരതത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്ന് യാതൊരു ഉറപ്പും ബോര്‍ഡിനു പോലും ഉണ്ടാകില്ല. അവിടെയും സ്വകാര്യ പ്രസാധകരുടെ ഉള്ളടക്കഭാരം ആഭരണമാക്കിയ പുസ്തകങ്ങളാണ് കമ്മീഷന്റെയും സ്വാധീനത്തിന്റെയും പേരില്‍ കുട്ടികളുടെ ചുമലില്‍ പതിക്കുന്നത്. എന്‍സിഇആര്‍ടി രൂപീകരിക്കുന്ന കരിക്കുലം ധാരണകള്‍ അട്ടത്തുവച്ചാണ് ഇത്തരം സ്കൂളുകളുടെ പ്രവര്‍ത്തനം എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്ത് ഗുണവശങ്ങളാണ് ഇതില്‍നിന്ന് നാം സ്വീകരിക്കേണ്ടത്. പകലന്തിയോളം നാമമാത്രമായ സംഖ്യയ്ക്ക്, സംഘടനാ സ്വാതന്ത്ര്യം പോലുമില്ലാതെ അടിമപ്പണിയെടുക്കാന്‍ ഒരു വിഭാഗമില്ലെങ്കില്‍ ഇവിടുത്തെ സിബിഎസ്ഇ പഠനം എന്താകുമെന്നു ഈ സംഘടനാ പണ്ഡിതന്മാര്‍ ആലോചിച്ചിട്ടുണ്ടോ? അതോ ഇവിടെയും സംഘടനാ സ്വാതന്ത്ര്യവും അവകാശങ്ങളും കക്ഷത്തില്‍ പൊതിഞ്ഞു വച്ച്, പ്രമോഷന്‍പോലും ബാധകമല്ലാതെ അവരോധിക്കപ്പെട്ട സ്കൂള്‍ മേധാവികളുടെ മുന്നില്‍ ഒച്ഛാനിച്ചു നില്‍ക്കുകയാണോ അധ്യാപകര്‍ ചെയ്യേണ്ടത്? സിബിഎസ്ഇയില്‍നിന്ന് നാം സ്വീകരിക്കേണ്ട ഗുണപാഠങ്ങള്‍ എന്തൊക്കെയാണ്. കുട്ടികളില്‍ അവര്‍ ഏല്‍പ്പിക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ ചൂരല്‍ പാഠങ്ങളോ? എടുത്താല്‍ പൊങ്ങാത്ത ഹോം വര്‍ക്കുകളും എണ്ണിയാല്‍ തീരാത്ത പരീക്ഷകളുമോ? ഇനി കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെ പ്രാദേശിക പ്രാധാന്യം സംയോജിപ്പിച്ചും ഉള്ള സിലബസ് എങ്ങനെയിരിക്കും എന്ന് ആലോചിച്ചോ? ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ആഗ്രഹിക്കുന്നത് തന്നെ അറിവിന്റെ കേന്ദ്രീകരണമല്ല. രാജ്യത്തിനാകെ ഒറ്റ കരിക്കുലം എന്ന ആശയത്തോട് വിയോജിച്ചു കൊണ്ടാണ് പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലുള്ള ദേശീയ കരിക്കുലം കമ്മറ്റി ഓരോ സംസ്ഥാനത്തിന്റെയും എസ്സിഇആര്‍ടി യോട് അതതു പ്രദേശത്തിന് അനുയോജ്യമായ കരിക്കുലം ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും അതിനായി പത്തുലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. ശാസ്ത്ര വിഷയങ്ങളില്‍ ഒറ്റ സിലബസ് എന്നാവശ്യപ്പെടുമ്പോള്‍ നമ്മുടെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ജീവജാലങ്ങള്‍ തുടങ്ങിയ പ്രാദേശിക സവിശേഷതകളും ജ്ഞാനരൂപങ്ങളും കണ്ടെത്താനും അന്വേഷിക്കാനും കഴിയുമോ? ശാസ്ത്രത്തിന്റെ രംഗത്ത് നമ്മുടെ പ്രദേശത്തിന്റെ മുന്നേറ്റങ്ങള്‍ സംഭാവനകള്‍ ഇവയ്ക്കൊക്കെ അര്‍ഹമായ പ്രാതിനിധ്യം ദേശീയ പുസ്തകത്തില്‍ ലഭിക്കുമോ? അതൊന്നും അറിയാതെയും അന്വേഷിക്കാതെയും ആണോ നമ്മുടെ വരുംതലമുറ വളര്‍ന്നു വരേണ്ടത്. ആര്‍ക്കു വേണ്ടിയാണ് ശാസ്ത്ര പുസ്തകങ്ങള്‍ ഒന്നാകേണ്ടത്. മെഡിക്കല്‍ എന്‍ജിനിയറിങ് എന്ട്രന്‍സ് പരീക്ഷകള്‍ എഴുതുന്ന ഒരു ചെറു ന്യൂനപക്ഷത്തിനു വേണ്ടി മാത്രമല്ലേ? എല്ലായ്പ്പോഴും അവരുടെ താത്പര്യമാണോ നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ ഗതിവേഗങ്ങള്‍ നിയന്ത്രിക്കേണ്ടത്. ഹ്യുമാനിറ്റീസിനോടും ഭാഷാ വിഷയങ്ങളോടും കാണിക്കുന്ന സൗമനസ്യത്തിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല.

    ഓ.. അവ പഠിക്കുന്നത് ഉയര്‍ന്ന വര്‍ഗമല്ലല്ലോ? അവര്‍ അല്‍പ്പം, അല്‍പ്പം മാത്രം പ്രാദേശിക കാര്യങ്ങള്‍ പഠിച്ചോട്ടെ. പാവങ്ങള്‍. ഇവിടെയെങ്ങാനും വല്ല തൊഴിലും ചെയ്തു ജീവിക്കേണ്ടി വന്നാലോ? പാഠപുസ്തകം ഉണ്ടാക്കേണ്ടത് എസ്സിഇആര്‍ടി ആണെന്ന് പറഞ്ഞത് ആശ്വാസം എന്ന് കരുതി വായിച്ചു പോകുമ്പോഴാണ് അടുത്ത കല്ലുകടി. "ഏകീകൃത സിലബസ്സിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രപുരോഗതിക്കും വികസനശ്രമങ്ങള്‍ക്കും എതിരാണ്. ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും. കഴിഞ്ഞ സര്‍ക്കാര്‍ അതിനെ അങ്ങനെ കണ്ടു. അതിനാല്‍ ആ സ്ഥിതി മാറണം. അതിനൊരു സ്ഥിരമായ സംവിധാനം വേണം.

    സംവിധാനം സ്ഥിരമായതാണ് ഏകീകൃത സിലബസ്. അത് വന്നു കഴിഞ്ഞാല്‍ ഭരണ മാറ്റത്തിന് അനുസരിച്ച് പിന്നീടൊന്നും മാറ്റാന്‍ കഴിയില്ല. ഇടതു പക്ഷത്തിനു ഭരണം ലഭിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടലിന് അവസരം ലഭിക്കണമെങ്കില്‍ ഏകീകൃത സിലബസ് പാടില്ല". "മോന്‍ മരിച്ചിട്ടായാലും വേണ്ടില്ല, മരുമോളുടെ കണ്ണീരു കാണണം" എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇടതുപക്ഷം അടുത്തതവണ അധികാരത്തില്‍ എന്തായാലും എത്തും. (അത് കോണ്ഗ്രസ് അധ്യാപക സംഘടനാ നേതാവിന് ഉറപ്പാണ്) അപ്പോള്‍ അവര്‍ക്ക് പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ അവസരം ലഭിക്കരുത്. അത് കൊണ്ട് ഏകീകൃത സിലബസ്. എന്തൊരു ക്രാന്തദര്‍ശിത്വം. "ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും". ആരാണ് ഈ പറയുന്നത്. ഒന്ന് മുതല്‍ പത്തു വരെ നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം പതിനൊന്നാം തരത്തിലെ പുസ്തകങ്ങള്‍ മാറേണ്ടതായിരുന്നു. അത് എപ്പോള്‍ മാറും. ഒരു തീര്‍പ്പുമില്ല. ആ തുടര്‍ച്ച അട്ടിമറിക്കപ്പെട്ടു. നേരത്തെ ഏഴുവരെ വന്ന പരിഷ്കരണം എട്ടില്‍ എത്തിയപ്പോള്‍ ഭരണമാറ്റം ഉണ്ടായി. അവിടെ അപ്പോള്‍ ബ്രേക്കിട്ടു. പിന്നെ അതിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിക്കളഞ്ഞു ഒരു വര്‍ഷത്തിനു ശേഷം ഓടാന്‍ തുടങ്ങി. അക്കാദമികമായി എടുത്ത തീരുമാനമായിരുന്നു, നിരന്തരമൂല്യനിര്‍ണയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു ടേം പരീക്ഷകള്‍ മതി എന്നത്. ഒരു അക്കാദമിക ചര്‍ച്ചയും കൂടാതെ ഭരണ സ്വാധീനം ഉപയോഗിച്ചല്ലേ ആ തീരുമാനം അട്ടിമറിച്ചത്. പിന്നെ ഭരണത്തിലെത്തുമ്പോഴാണ് ഇടതുപക്ഷം പഠന കാര്യങ്ങളില്‍ ഇടപെടുന്നത് എന്ന ആക്ഷേപമോ? ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോഴാണ് കേരളത്തില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഡിപിഇപി പദ്ധതി ആരംഭിക്കുന്നത്. ലോകബാങ്ക്, സാമ്രാജ്യത്വ ഗൂഢാലോചന, ഫണ്ടിങ് തുടങ്ങി തീവ്ര ഇടതുപക്ഷം സമരരംഗത്ത് ഇറങ്ങിയ കാലം. കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകളാണ് അന്ന് ഇത്തരം പദ്ധതികളെ ഫലപ്രദമായി സംസ്ഥാനത്ത് പ്രയോജനപ്പെടുത്തണം എന്ന വാദഗതി ഉയര്‍ത്തിയത്. കേരളീയ പൊതു സമൂഹം ഏറെക്കാലമായി സ്വപ്നം കാണുന്ന, സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലഭിച്ച അവസരമായാണ് ഇടതുപക്ഷ അധ്യാപക സംഘടനകള്‍ ഡിപിഇപി പരിഷ്കരണത്തെ നോക്കിക്കണ്ടതും ഭരണമാരുടെതെന്നു നോക്കുക പോലും ചെയ്യാതെ അതിനെ പിന്തുണച്ചതും. ആ പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി ഇടതുപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചില്ലറയല്ല ചീത്ത കേട്ടത്. സമീപകാലചരിത്രം ഇത്രവേഗം തമസ്കരിക്കാന്‍ അസാധാരണമായ ഗീബല്‍സിയന്‍ മിടുക്ക് തന്നെ വേണം. ഉള്ളിലിരിപ്പും വെളിയിലിരിപ്പും കേരളത്തില്‍ ഒരു ഏകീകൃത പാഠ്യപദ്ധതി എന്ന ആശയം തത്വത്തില്‍ അംഗീകരിക്കാമെന്നുവയ്ക്കാം. എങ്കില്‍ അത് ഏതാവണം എന്നതാണല്ലോ അടുത്ത വിഷയം. ഇന്ന് കേരളത്തില്‍ മഹാഭൂരിപക്ഷം വരുന്ന പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകളിലും കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളിലും സിബിഎഎസ്ഇ സിലബസ് ആണ് പിന്തുടരുന്നത്. നഗര കേന്ദ്രിതമായ അപൂര്‍വം സ്കൂളുകളില്‍ ഐസിഎസ്ഇ സിലബസ്സും ഉപയോഗിക്കുന്നു. ഇവിടെയെല്ലാം സിലബസ് എകീകരിക്കണം എന്നാണല്ലോ ആവശ്യം. ഇത് എത്ര മാത്രം പ്രായോഗികമാണ്? കേരളത്തിലുള്ള കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളില്‍ സിലബസ് മാറ്റുക എന്നത് "നമ്മള്‍ കൂട്ടിയാല്‍ കൂടുന്നതല്ല." സ്ഥലം മാറ്റത്തിന് വിധേയരായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുട്ടികളെ കരുതിയാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിച്ചതുതന്നെ. (ഇന്ന് അത് സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകളിലേക്ക് മക്കളെ പറഞ്ഞു വിടാന്‍ ഇത്തിരി "ഉളുപ്പുള്ള" രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും രക്ഷാകവാടമാണ്. പറയുമ്പോള്‍ ഞങ്ങള്‍ സര്‍ക്കാര്‍ (കേന്ദ്ര) സ്കൂളിലാണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് പറയാമല്ലോ. അവിടെ നല്ല ഇംഗ്ലീഷും സിബിഎസ്ഇ സിലബസ്സും സമരമില്ലാത്ത അന്തരീക്ഷവും ഒക്കെയാണ് എന്നതാണ് ഇവരുടെയെല്ലാം ഉള്ളിലിരുപ്പെന്ന് ആര്‍ക്കാണ് അറിയാത്തത്.)

    കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നവോദയാ സ്കൂളുകളിലെയും സ്ഥിതി ഇതുതന്നെ. ഇനി സ്വകാര്യ സിബി എസ്ഇ സ്കൂളുകളോ? അവര്‍ സിബിഎസ്ഇ സ്കൂളുകള്‍ ആണെന്ന് പറയവുന്നതുതന്നെ ബോര്‍ഡ് അംഗീകരിച്ച സിലബസ് പിന്തുടരുന്നു എന്നത് കൊണ്ടുമാത്രമാണ്. അല്ലാതെ സ്കൂളിന്റെ നിലവാരത്തെക്കുറിച്ച് ഒരു ഉറപ്പും ബോര്‍ഡിനില്ല. ഇവിടെയെല്ലാം കേരളാ സിലബസ് കൊണ്ട് വരിക എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമാണെന്ന് ഏതു മലര്‍പ്പൊടി വില്‍പ്പനക്കാരനും അറിയാവുന്ന കാര്യമാണ്. അപ്പോഴാണ് ഈ പൂതനാവേഷത്തിന്റെ പൊതുവിദ്യാഭ്യാസത്തോടുള്ള വാത്സല്യത്തിന് പിറകിലമര്‍ത്തിവച്ച രാക്ഷസീയ ദംഷ്ട്രകള്‍ മെല്ലെ പുറത്തുചാടുന്നത് നമുക്ക് കാണാന്‍ കഴിയുക.

    കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ സിബിഎസ്ഇ സിലബസ് (എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ അല്ലെങ്കില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍) കൊണ്ട് വരികയാണ് ഈ വാലുപൊക്കലിന്റെ ഉദ്ദേശ്യം. അപ്പോള്‍ പാഠ്യപദ്ധതി തയ്യാറാക്കുക, പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുക തുടങ്ങിയ ഇടങ്ങേറൊന്നും നമ്മുടെ തലയില്‍ അല്ലല്ലോ. വിവാദവ്യവസായികള്‍ തക്കം പാര്‍ത്തിരിക്കയാണ്. വെറുതെ നമ്മുടെ ചരിത്രം, സംസ്കാരം, ഭാഷ, സമൂഹം എന്നെല്ലാം പറഞ്ഞു വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കേണ്ടല്ലോ. എല്ലാം കേന്ദ്രം നിശ്ചയിച്ചതു മാതിരി തന്നെ പോകട്ടെ. എന്തുകൊണ്ട് കേന്ദ്ര, വിദേശ സിലബസ്സുകള്‍ക്ക് ഇത്രമാത്രം ഉത്കൃഷ്ടത വരുന്നു എന്നാലോചിക്കുമ്പോഴാണ് മായ്ച്ചാലും മായാതെ കിടക്കുന്ന, അധിനിവേശം സൃഷ്ടിച്ച അടിമ ബോധം നമ്മുടെ ഉള്ളില്‍നിന്ന് മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലാവുക.

    സായ്പ്പ് ഉണ്ടാക്കിയതെല്ലാം മഹത്തരം, കേന്ദ്രം നടപ്പിലാക്കുന്നതെല്ലാം ഉദാത്തം എന്ന, നമ്മുടെ സാധ്യതകളെക്കുറിച്ചും ബലത്തെക്കുറിച്ചും ഉള്ള അധമബോധം തൂത്താല്‍ പോകുന്നതല്ല. കേരളത്തിന്റെ പഴയകാല പുസ്തകങ്ങളുടെ മഹത്വ സങ്കീര്‍ത്തനത്തിലും പ്രവര്‍ത്തിക്കുന്നത് ഇതുതന്നെയാണ്. അത് ഉണ്ടാക്കിയത് കോയിത്തമ്പുരാക്കാന്മാരും വരേണ്യപണ്ഡിതരും ആയിരുന്നല്ലോ. ഡിപിഇപി കാലത്താണ് ക്ലാസ് മുറിയിലെ അനുഭവത്തിന്റെ കരുത്തും വിദ്യാഭ്യാസത്തെക്കുറിച്ച് കാഴ്ചപ്പാടും ഉള്ള അധ്യാപകരും പരിശീലകരും എല്ലാം പങ്കാളികളായ പുതിയ രീതിയിലുള്ള പാഠപുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും ഉണ്ടാവുന്നത്. അതിനു മേല്‍നോട്ടം വഹിക്കുവാന്‍ സര്‍വകലാശാലാതലത്തിലുള്ള, ദേശീയതലത്തില്‍ അറിയപ്പെടുന്ന അക്കാദമീഷ്യന്മാര്‍ ഉണ്ടായിരുന്നതൊന്നും കാണാതെ, നമുക്കിടയില്‍ തന്നെയുള്ള ചിലര്‍ ഉണ്ടാക്കിയതല്ലേ എന്ന പുരികം ചുളിക്കലോടെയും ചിറികോട്ടലോടെയും ആണ് പലരും ആ പുസ്തകങ്ങള്‍ കൈയിലെടുത്തത്.

    പാഠപുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്ന പണ്ഡിതപരിവേഷം തീര്‍ച്ചയായും പോയിരുന്നു. കൈയിലെടുക്കുമ്പോള്‍ തന്നെ കോട്ടുവാ വരുന്ന ഘടന മാറ്റി, കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകമാക്കുക എന്നത് ഒരു സമീപനമായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള നാടന്‍പാട്ടോ കവിതയോ ചിത്രമോ ഉണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമായി, മുറവിളി തുടങ്ങാം "പാഠപുസ്തകങ്ങള്‍ ഇതാ ബാലമാസികകളായി." സത്യത്തില്‍ അറിവിനെ, അതിന്റെ വിതരണത്തെ, ആഴത്തെയും പരപ്പിനെയും സംബന്ധിച്ച ജനാധിപത്യബോധം ഇല്ലാത്തതും കുട്ടികളുടെ പ്രകൃതത്തെ സംബന്ധിച്ച സാമാന്യ അറിവ് പോലുമില്ലാത്തതും ആണ് ഈ ആരോപണങ്ങളുടെ കാതല്‍. എന്തൊക്കെ ആവലാതികള്‍ കേരളാ പാഠ്യപദ്ധതിയെക്കുറിച്ച് ഉന്നയിക്കുമ്പോഴും എല്ലാകാലത്തും അത് ഉയര്‍ത്തിപ്പിടിച്ച ഉയര്‍ന്ന മതേതരമൂല്യത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും പരാതിയുണ്ടായിരുന്നില്ല. കേരളത്തില്‍ ഇടതുപക്ഷം വന്നാല്‍ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ കേന്ദ്രസിലബസ് മതിയാകുമെന്ന് എളുപ്പവഴിയില്‍ ക്രിയപൂര്‍ത്തിയാക്കുന്നവര്‍ അതിന്റെ വരും വരായ്കകള്‍ ഒട്ടും ആലോചിക്കാതെയാണ്, ജി ശങ്കരപ്പിള്ളയുടെ "മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും" എന്നനാടകത്തിലെന്ന പോലെ ഒരു നരഭോജിക്ക് ജീവനേകുന്നത്.

    കേന്ദ്രം എല്ലാകാലത്തും മതേതരമായ പുസ്തകങ്ങള്‍ തന്നെ തീര്‍ക്കും എന്ന് ആര്‍ക്കു പറയാന്‍ പറ്റും. നാളെ ഹിന്ദു വര്‍ഗീയ വാദികളുടെ കൈയില്‍ കേന്ദ്രഭരണം വന്നാല്‍ ഭഗവത്ഗീതയും മനുസ്മൃതിയും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയാല്‍, കേരളം പോലുള്ള സംസ്ഥാനത്ത് അതുപോലെ പഠിപ്പിക്കേണ്ടി വന്നാല്‍ എന്തായിരിക്കും നമ്മുടെ സാമൂഹികാവസ്ഥ. നേരത്തെ സ്കൂളുകളില്‍ രാവിലെ സരസ്വതി കീര്‍ത്തനം ആലപിക്കണം, യോഗ പഠിപ്പിക്കണം എന്നിങ്ങനെ നിര്‍ദ്ദേശമുണ്ടായത് ഇത്രവേഗം നാം മറന്നു പോയോ? എന്‍സിഇആര്‍ടി യുടെ പുസ്തകങ്ങളും കേരളത്തില്‍ പത്താംതരാം വരെയുള്ള പാഠപുസ്തകങ്ങളും അവയുടെ പഠനരീതിയും താരതമ്യപ്പെടുത്തി കെഎസ്ടിഎ യും ( കേരള പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സിബിഎസ്ഇ സിലബസ്സുകള്‍ ഒരു താരതമ്യം) കേരള ശാസ്ത്രസാഹിത്യ പരിഷത്തും പഠനം നടത്തി കണ്ടെത്തിയ റിപ്പോര്‍ട്ടുകളും അടിവരയിട്ടു തെളിയിക്കുന്നത് കേരള സംസ്ഥാന പാഠ്യപദ്ധതി എന്‍സിഇആര്‍ടിയെക്കാള്‍ ഗുണമേന്മയുള്ളതാണെന്നാണ്.

    കേരളത്തിന്റെ സമഗ്രപുരോഗതിയുടെയും അടിസ്ഥാനമെന്ന് നാം ഇന്ന് വരെ കരുതിയിരുന്ന, രാജ്യത്തിന് തന്നെ മാതൃകയായ ഒരു പാഠ്യപദ്ധതി എത്ര ലാഘവത്തോടെയാണ് ചില താത്പര്യങ്ങളുടെ പേരില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ തുനിയുന്നത്. "അത്രമേല്‍ തീഷ്ണങ്ങളാം നാവുകളത്രേ പിന്നെ മിഠായിപ്പൊതിക്കായി പണയം വെച്ചൂ നമ്മള്‍ വെറുതെ മധുരിക്കും രാസമാധുര്യത്തിന്നായ് പകരം കൊടുത്തതീ ദിവ്യമാം രസവിദ്യ." എന്ന് പി പി രാമചന്ദ്രന്‍ "മാമ്പഴക്കാലം" എന്ന കവിതയില്‍, വിലയറിയാതെ നാം നഷ്ടപ്പെടുത്തിയ ഗ്രാമീണസൗഭാഗ്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ സംസ്കാരം, ഭാഷ, സാഹിത്യം, ചരിത്രം, പ്രകൃതി ഇവയോടൊക്കെ ബന്ധപ്പെട്ടു നാം നിര്‍മിച്ച് കൊണ്ടിരിക്കുന്ന ഒരു പാഠ്യപദ്ധതി വിലകുറഞ്ഞ ചില പുറംമിനുപ്പുകള്‍ക്കായി നഷ്ടപ്പെടുത്താനായുമ്പോള്‍ ഒന്നോ രണ്ടോ തവണയല്ല നൂറു തവണ ആലോചിക്കേണ്ടിയിരിക്കുന്നു.

Saturday, August 25, 2012

അനുരൂപീകരണം -കുട്ടിയുടെ സൂക്ഷമാവശ്യങ്ങള്‍ പരിഗണിച്ച് -3


 കുട്ടികള്‍ കഴിവിന്റെ കാര്യത്തില്‍ പലതലങ്ങളിലാണ് എന്ന വസ്തുത എപ്പോഴും ഓര്‍മയില്‍ വെച്ചു കൊണ്ടാകണം അനുരൂപീകരണം നടത്തേണ്ടത്. പൊതു പ്രവണതകളുടെ അടിസ്ഥാനത്തില്‍ ചില വിഭാഗങ്ങളായി തിരിച്ചു സമീപിക്കേണ്ടി വരും. ശ്രദ്ധാ ചാഞ്ചല്യം മൂലം പഠനപ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെ കാര്യം ആദ്യം പരിശോധിക്ക
ശ്രദ്ധാപരിമിതി ഉളള കുട്ടികള്‍ (Children with Attention disorder)
ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുക എന്നതു ബോധപൂര്‍വം ചിലര്‍ ചെയ്യുന്നതാണെന്ന മിഥ്യാധാരണയാണ് കൂടുതല്‍ അധ്യാപകര്‍ക്കുമുളളത്. ചില കുട്ടികള്‍ ശ്രദ്ധാപരിമിതി ഉളളവരാണെന്ന കാര്യം അധ്യാപകര്‍ അംഗീകരിക്കാന്‍ സന്മനസ്സു കാട്ടണം. ഈ വിഭാഗം കുട്ടികളും പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരാണ്.
ഇവര്‍(ക്ക്)-
  • ഉളളടക്കമോ പ്രക്രിയയോ ഏറെ നേരം ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല
  • വേഗം താല്പര്യം നഷ്ടപ്പെടുന്നു
  • എളുപ്പത്തില്‍ ശ്രദ്ധ വ്യതിചലിക്കപ്പെടുന്നു.
  • ഉപരിപ്ലവമായി മാത്രം വിവരങ്ങള്‍ മനസ്സിലാക്കുന്നു
  • ആശയങ്ങളെ പരസ്പരം ബന്ധിപ്പിച്ചു മനസ്സിലാക്കാന്‍ പ്രയാസം നേരിടുന്നു.
  • ആഴത്തില്‍ വിശകലനം ചെയ്യാന്‍ ആവുന്നില്ല
  • അവ്യക്തമോ ഭാഗികമോ ആയ ധാരണാതലം
ഇവയൊക്കെ ക്ലാസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു ( അധ്യാപികയുടെ ശകാരം, പരിഹാസം, ശിക്ഷ, താക്കീത്, അവഗണന, പരാതി, ശല്യക്കാര്‍ എന്ന ലേബലിങ്, കുട്ടിയെ പറ്റി പ്രതീക്ഷ വെച്ചു പുലര്‍ത്തായ്ക, മുന്‍ വിധി, സഹപാഠികളുടെ പരിഹാസം, കുട്ടിക്കു സ്വന്തം കഴിവിനെക്കുറിച്ചു അവിശ്വാസം, പഠനത്തിന്റെ ഓരോ പ്രവര്‍ത്തനഘട്ടവും വരാനിരിക്കുന്ന പ്രശ്നത്തെ ഓര്‍മിപ്പിക്കുന്ന അസ്വാസ്ഥ്യം..) കുട്ടിയുടെ പഠനത്തെ പ്രചോദിപ്പിക്കാനോ അനുഭവപ്പെടുന്ന പ്രശ്നം പരിഹരിക്കാനോ സഹയകമല്ല അധ്യാപികയുടെ ഇടപെടല്‍പ്രതികൂലത.
അധ്യാപിക എന്തു ചെയ്യണം
1ഭൗതികാന്തരീക്ഷപുനക്രമീകരണം
-കുട്ടിയുടെ സ്ഥാനം -മുമ്പില്‍, അധ്യാപികയുടെ ചാരെ,
-ശ്രദ്ധ വ്യതിചലിക്കാനിടയുളളവ ക്രമീകരിക്കല്‍-ഉദാഹരണം പുറംകാഴ്ചകളിലേക്കുളള ദൃഷ്ടിയാത്ര. ക്ലാസിന്റെ ജനാലയുടെ പകുതിക്കു താഴെ കര്‍ട്ടണ്‍ ഇട്ടാല്‍ അത്തരം പുറംകാഴ്ചകള്‍ തടയും. തുറന്ന മുറിയിലാണ് കുട്ടി പഠിക്കുന്നതെങ്കില്‍ ക്ലാസ് നാലു ചുമരുകളുമുളളമുറിയിലേക്കു ഈ കുട്ടിക്കു വേണ്ടി മാറ്റുകയോ സ്കീന്‍ വക്കുകയോ വേണം.
-വൈവിധ്യമുളള പ്രവര്‍ത്തനങ്ങള്‍ നടത്താനിടം
എപ്പോഴും ബഞ്ചില്‍ ഓരേ സ്ഥാനത്ത് ഇരുന്നു പഠിക്കുന്ന സാഹചര്യം ഒഴിവാക്കണം. ക്ലാസില്‍ പലവിധപ്രവര്‍ത്തനങ്ങള്‍ക്കിടം മുന്‍കൂട്ടി തീരുമാനിച്ചു ക്രമീകരിക്കണം. അവതരണസ്ഥലം, സംഘപ്രവര്‍ത്തനയിടങ്ങള്‍,നിര്‍മാണപ്രവര്‍ത്തനസ്ഥലം, റഫറന്‍സ് ഏരിയ എന്നിങ്ങനെ.ഒരേ പിരീഡില്‍ത്തന്നെ പലയിടങ്ങളിലായി കുട്ടികള്‍ക്കു പ്രവര്‍ത്തിക്കാനവസരം ആസൂത്രണവേളയില്‍ത്തന്നെ നിര്‍ണയിക്കണം.
2ചിന്താശൈലി മാനിച്ചുളളപുനക്രമീകരണം.
-വിവരങ്ങളെ ദഹനപ്പരുവത്തില്‍ നല്‍കല്‍
ഒരേ സമയം ആശയങ്ങളുടെ പ്രവാഹം, കുത്തൊഴുക്ക് ക്ലാസില്‍ നടന്നാല്‍ എന്തു സംഭവിക്കും.? അവയെല്ലാം കൂടിക്കുഴഞ്ഞ് സങ്കീര്‍ണമായ അവ്യക്തത ശ്രദ്ധാപരമിതിയുളള കുട്ടികള്‍ക്കുണ്ടാകും.
അതിനാല്‍ കുട്ടിയില്‍ രൂപപ്പെടേണ്ട ആശയങ്ങള്‍ കണക്കിലെടുത്തു വിവരങ്ങളെ ദഹനപ്പരുവത്തില്‍ നല്‍കണം. ചെറിയ ചെറയി വിവരകൂട്ടങ്ങള്‍ അല്ലെങ്കില്‍ ഒന്നുമായി ബന്ധിപ്പിച്ച് ഗ്രഹിക്കാവുന്ന തരത്തില്‍ ക്രമീകരിച്ചവ, അതുമല്ലെങ്കില്‍ അനുഭവവുമായി കോര്‍ത്ത് അവതരിപ്പിക്കുന്നവ, മനോചിത്രങ്ങള്‍ രൂപ്പെടാന്‍ ഉതകുന്ന വിധത്തില്‍, ചിത്രസമേതം..
അധ്യാപികയുടെ അവതരണം മാത്രം പോര വായനാപാഠവും മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പരിഗണിച്ചു അനുരൂപീകരിക്കേണ്ടി വരും.(എത്ര വര്‍ഷം സര്‍വീസായി? ഉണ്ടോ കൈവശം ഒരു അനുരൂപീകരണപാഠമെങ്കിലും? ഇനിയും എത്ര വര്‍ഷം സര്‍വീസുണ്ട്? പ്രതീക്ഷിക്കാമോ? )
-ഒരേ കാര്യം പലരീതിയില്‍
ചിന്തയുടെ സജീവത ആവശ്യപ്പെടുന്നതും പല രീതിയില്‍ വൈജ്ഞാനികമണ്ഡലത്തിലേക്കു പ്രവേശിക്കാന്‍ കഴിയുന്നതുമായ സമീപനം സ്വീകരിക്കണം.
  • വാദിക്കല്‍.
കുട്ടികള്‍ക്ക് വാദമുഖങ്ങള്‍ അവതരിപ്പിക്കാനവസരം നല്‍കുമ്പോള്‍ അവര്‍ ലഭ്യമായ വിവരത്തെ ആധാരമാക്കി തെളിവുകളുടയോ യുക്തിയുടെയോ പിന്‍ബലത്തില്‍ പല സാധൂകരണ തന്ത്രങ്ങള്‍ സ്വീകരിച്ചു വിയോജിക്കലോ യോജിക്കലോ പിന്തുണയ്ക്കലോ തളളിക്കളയലോ നടത്തും . ഇതു അനുവദിക്കമ്പോള്‍ ക്ലാസിനു ചൂടുകൂടും. എല്ലാവരുടെയും ശ്രദ്ധ അടുത്തയാളുടെ എതിര്‍വാദങ്ങളില്‍ ആയിരിക്കും. അതിനെ വീണ്ടുമൊരാള്‍ മലര്‍ത്തിയടിച്ചേക്കാം. ഈ സജീവത ശ്രദ്ധാപരിമിതിയുളള കുട്ടിയെ രണ്ടു രീതിയല്‍ സ്വാധീനിക്കും .ഒന്ന് താനെന്തു നിലപാടു എടുക്കും ? എങ്ങനെ വാദിക്കും? എന്നതിനെ ആസ്പദമാക്കിയുളള ചിന്തയും പഠനവും.രണ്ട് മറ്റുളളവരുടെ വാദങ്ങള്‍ കേള്‍ക്കുന്നതു വഴിയുളള അറിവു നിര്‍മാണം.
  • കുട്ടിയും അധ്യാപികയും നടത്തുന്ന താരതമ്യപ്പെടുത്തല്‍
വിവരങ്ങളെ താരത്മ്യപ്പെടുത്തി അവതരിപ്പിക്കുക ( വൈരുദ്ധ്യം ചൂണ്ടിക്കാട്ടുക, വ്യത്യാസം കണ്ടെത്തുക, പൊതു പ്രവണതകള്‍ കണ്ടെത്തുക, സമാനമായ കാര്യങ്ങള്‍ പ്രകാരം തരംതിരിക്കുക, ) ഇങ്ങനെ ചെയ്യുമ്പോള്‍ അറിവിന്റെ ആഴം വര്‍ധിക്കും. കേട്ടതോ വായിച്ചതോ ആയ കാര്യങ്ങളുടെ അയവെട്ടലും പോഷകസ്വാംശീകരണവും നടക്കും.
  • ചര്‍ച്ചയും വിശകലവും
ക്ലാസില്‍ ചര്‍ച്ച നടത്താറുണ്ടെന്നാണ് മിക്ക അധ്യാപകരും അവകാശപ്പെടുന്നത്. ചര്‍ച്ച എങ്ങനെയാണ് നടത്തുക. ഒരു പ്രമേയം കുടുതല്‍ വിശകലനം ചെയ്യണമെന്നു തോന്നല്‍ ക്ലാസിനുണ്ടവുകയും അതു സ്വാഭാവികചര്‍ച്ചയിലേക്കു വികസിപ്പിക്കുകയുമാണോ നടക്കുന്നത്. ചര്‍ച്ചാ വിഷയം അവതരിപ്പിച്ചതിനു ശേഷം എല്ലാവര്‍ക്കും തയ്യാറേടുപ്പിനു സമയം കൊടുക്കാറുണ്ടോ? അപ്പോള്‍ കൂടുതല്‍ പിന്തുണ ആവശ്യമുളള കുട്ടിയുടെ ചിന്തയെ ഇളക്കി ദിശാസൂചന നല്‍കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടോ? ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളെ അപ്പപ്പോള്‍ ബോര്‍ഡില്‍ രേഖപ്പെടുത്താറുണ്ടോ? അങ്ങനെ രേഖപ്പെടുത്തുന്നതിന്റെ ക്രമം ആശയ രൂപീകരണത്തിനു സഹയകമായ വിധത്തില്‍ സമാനമായവ ബവ്ധിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണോ? ഓരോ പുതിയ ആശയങ്ങളും എല്ലാവരുടേതുമാകാന്‍ എന്തു വിശകലന തന്ത്രമാണ് സ്വീകരിക്കുക. നിഗമനരൂപീകരണത്തിലെ പങ്കാളിത്തം എങ്ങനെയായിരിക്കുമെന്നു ആസൂത്രണം ചെയ്യാറുണ്ടോ? ഈ കാര്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ ഉത്തരം ലഭിക്കുന്ന വിധം നടത്തുന്ന ചര്‍ച്ച ശ്രദ്ധാപരിമിതി ഉളളവര്‍ക്കു അനുഗ്രഹമായിരിക്കും.
  • ആശയങ്ങളെ ക്രമപ്പെടുത്തല്‍
ആശയങ്ങളെ എങ്ങനെയെല്ലാം ക്രമീകരിക്കാമോ ആ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തണം. ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് നല്ല ഫലം ചെയ്യും ( ചൂണ്ടു വിരല്‍ ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് പരിചയപ്പെടുത്തിയിട്ടുളളത് നോക്കുക )
  • ഫീഡ് ബാക്ക് ഉറപ്പാക്കല്‍
ഇടക്കിടെ കുട്ടിക്കു അനുകൂലമായ ഫീഡ്ബാക്ക് നല്കുന്നതു രണ്ടു രീതിയില്‍ ഗുണം ചെയ്യും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും തന്റെ സഹായത്തിനു അധ്യാപികയുടെ നിരന്തരസജീവസാന്നിദ്ധ്യം ഉണ്ടെന്നുളള തിരിച്ചറിവിന്റെ പ്രചോദനവും ഉണ്ടാകും.
  • സംഗ്രഹരൂപമവതരിപ്പിക്കല്‍
ഇതു വരെ കണ്ടെത്തിയ കാര്യങ്ങള്‍ സംഗ്രഹിച്ചവതരിപ്പിക്കണം. അതു വാചികമായാല്‍ പോര ചാര്‍ട്ട്, ചിത്രീകരണങ്ങള്‍, ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്,നിറച്ചേരുവയുളള പദബന്ധക്കുറിപ്പ് തുടങ്ങില രീതികള്‍ സ്വീകരിക്കണം.അധ്യാപനക്കുറിപ്പു തയ്യാറാക്കുമ്പോള്‍ ഇതും രൂപകല്പന ചെയ്യുന്നതു ശ്രദ്ധ കേന്ദ്രീകരിക്കാനുപകരിക്കും.
  • ചിന്തയെക്കുറിച്ചുളള ചിന്ത
താന്‍ ചിന്തിച്ചതും മറ്റുളളവര്‍ ചിന്തിച്ചതും താരതമ്യം ചെയ്യാനവസരം ഒരുക്കണം. ഓരോരുത്തരും ചിന്തിച്ച രീതി പ്രധാനമാണ്. ചിന്തിച്ച കാര്യവും . ഇവ രണ്ടും പങ്കു വെക്കാന്‍ അവസരം കിട്ടണം.ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ചിന്തയെക്കുറിച്ചുളള ചിന്ത നടത്തണമെന്നു ഔചിത്യപൂര്‍വം തീരുമാനിക്കണം. ഈ തന്ത്രം ഏതു ക്ലാസിനും ഉപയോഗിക്കാവുന്നതാണ്.
3 വൈകാരികാന്തരീക്ഷത്തിന്റെ പുനക്രമീകരണം.
പിരിമുറുക്കം, ഭീതി, ആശങ്ക, അവിശ്വാസം, അപകര്‍ഷത, കുറ്റബോധം, താല്പര്യമില്ലായ്മ, വെറുപ്പ്, ദുഖം, നിരാശ,ഉള്‍വലിയല്‍ തുടങ്ങിലവയിലേക്കു നയിക്കുന്ന വാക്കുകളോ പ്രവര്‍ത്തികളോ അധ്യാപികയുടെയോ സഹപാഠികളുടയോ ഭാഗത്തു നിന്നുമുണ്ടായിക്കൂടാ. വിജയബോധം, ആഹ്ലാദം , വൈകാരികസംതൃപ്തി, നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന ഇഷ്ടപ്പെടല്‍, സഹപാഠികള്‍ നല്‍കുന്ന പിന്തുണയുടെ ഫലമായി രൂപപ്പെടുന്ന അടുപ്പം, തനിക്കും പരിഗണനയും മികവുകളുമുണ്ടെന്ന തിരിച്ചറിവും അംഗീകാരവും നല്‍കുന്ന പഠനതാല്പര്യം എന്നിവയാണ് ക്ലാസില്‍ ഉണ്ടാകേണ്ടത്.
നിത്യവും കുട്ടിയുടെ പ്രതീക്ഷാ നില ഉയര്‍ത്തണം.
എല്ലാ ദിവസവും നാലു മണിക്കു ഇന്നെന്തെല്ലാം പഠിച്ചു , നേടി എന്നു കുട്ടിയെ അടുത്തു വിളിച്ചു വിലയിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ഈ കുട്ടിയില്‍ നിന്നും ഇന്നു ഞാന്‍ എന്തു പ്രതീക്ഷിച്ചിരുന്നു , എത്രത്തോളം നേടാനായി ? നാളെ എന്തു പ്രതീക്ഷിക്കുന്നു? അതിനായി എന്തിടപെടല്‍ വേണ്ടി വരും എന്നു അധ്യാപകരും ആലോചിക്കണം.


രണ്ടാം ക്ലാസ് .2011 ജനുവരി :കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന ഒരു മോള്‍ ക്ലാസിന്റെ നടുത്തളത്തിലേക്ക് വരുന്നു.ടീച്ചര്‍ ഒപ്പം ഉണ്ട്.രക്ഷിതാക്കളുടെ ഇടയില്‍ അവളുടെ അമ്മയും . അമ്മയുടെ കണ്ണുകള്‍ വിടര്‍ന്നു.മറ്റു കുട്ടികള്‍ വന്നു ആശയപ്രകാശനം നടത്തിയ വേദിയില്‍ തന്റെ മകള്‍..കുഞ്ഞിനു സങ്കോചമില്ല അവള്‍ എല്ലാവരും കേള്‍ക്കെ നന്നായി ഭാഷ പ്രയോഗിച്ചു.ഉശിരന്‍ വായന.അപ്പോള്‍ അമ്മ കരയുകയായിരുന്നു.ആനന്ദക്കണ്ണീര്‍ .മനസ് തുളിമ്പിപ്പോയി.കണ്ണീര്‍ ഒപ്പുംപോഴേക്കും മോള്‍
  അടുത്തെത്തിക്കഴിഞ്ഞിരുന്നു .സ്നേഹസംഗമം.കാക്കാട്ടിരി സ്കൂളിലെ അനുഭവം ഞങ്ങള്‍ പകര്‍ത്തി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി ക്ലാസ് മാറുന്നതിന്റെ ദൃഷ്ടാന്തമാണ് ഇത്. എവിടെയൊക്കെ ഈ കുന്കുങ്ങള്‍ക്ക് വേണ്ടി അധ്യാപകര്‍ പരിശ്രമിക്കുന്നുവോ അവിടെയെല്ലാം അമ്മമാര്‍ സ്നേഹത്തിന്റെ നിറമിഴികളില്‍ ഒരായിരം നന്ദിയുമായി ഉള്ളില്‍ പറയും. ഈ ടീച്ചറിന് പുണ്യമേ വരൂ. ഈ ടീച്ചറിനെ കിട്ടിയത് എന്റെ കുട്ടീടെ ഭാഗ്യം.

Wednesday, August 22, 2012

വര്‍ഷ, അഭയ,അഖില്‍ (2)


  • (പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവര്‍ അവര്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസം ഇപ്രകാരം ആകണം ? സാധ്യതകള്‍ ആലോചിക്കുകയാണ് . രണ്ടാം ഭാഗത്തില്‍ അഭയ, വര്‍ഷ, അഖില്‍ എന്നീ ഓമനകളുടെ ക്ലാസ് അനുഭവങ്ങള്‍ കൂടി ഉണ്ട്.
    ഈ മേഖലയിലെ ഇടപെടലിനുള്ള  ചിന്തകള്‍ കൂടുതല്‍ ഉണ്ടാകണം .കഴിഞ്ഞ ലക്കത്തിന്റെ തുടര്‍ച്ച ഇതാ   )

    അനുരൂപീകരിക്കണം-2 (തുടര്‍ച്ച )
     -തന്ത്രങ്ങള്‍ 
    • സോഷ്യല്‍ സയന്‍സ്/ ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ തിയേറ്റര്‍ ക്ലബ് രൂപീകരിക്കുകയും അതിന്റെ നേതൃതൃത്തില്‍ ചരിത്രപാഠങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത് ദൃശ്യാനുഭവം ശക്തമാക്കും.
  • വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമുളളവരും എന്നാല്‍ കേട്ടു ഗ്രഹിക്കാന്‍ കഴിവുളളവരുമായ കുട്ടികള്‍ക്ക് വേണ്ടി ശ്രാവ്യപാഠങ്ങള്‍ തയ്യാറാക്കണം. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ച് ഇവ കേള്‍ക്കുന്നതിനു അവസരം നല്കണം. റേഡിയോ നാടകരീതിയില്‍ ചരിത്ര പാഠങ്ങള്‍ അവതരിപ്പിക്കാം.
  • ദൃശ്യസൂക്ഷ്മത നിറഞ്ഞ അവതരണങ്ങളും ശ്രാവ്യസൂക്ഷമത നിറഞ്ഞ അവതരണങ്ങളും പാഠങ്ങളില്‍ ഉപയോഗിക്കുന്നത് കുട്ടിയുടെ കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവാടിത്തറയെ ആശ്രയിച്ചായിരിക്കണം.
  • ചോദ്യങ്ങളും അനുരൂപീകരിക്കണം. ഉദാഹരണം നോക്കുക
This example demonstrates a test question that provides insufficient context in the question stem, and therefore creates a barrier to understanding for the deaf student:

  1. The Civil War was a historical example of:
    1. A regional conflict based on economic issues
    2. A regional conflict based on slavery issues
    3. A national conflict involving political issues on the national level
    4. An international conflict involving multiple nations
    5. Two of the above

Revised to give adequate context and reduce the barrier, this question stem might read:

  1. The American Civil War was fought from 1861-1865; it presented both
    sides with complex issues. These issues involved different segments
    of several groups of people. Please select one answer from the choices
    below which best describes the Civil War as a whole.

  • ചോദ്യങ്ങളിലെ ഭാഷ, സങ്കീര്‍ണത, അവ്യക്തത, ഘടന, സന്ദര്‍ഭവുമായി ബന്ധപ്പെടുത്താതെയുളള അവതരണം ഇവയും മാറ്റേണ്ടതുണ്ട്.
  • ബോധനമാധ്യമം മാതൃഭാഷ എന്നു പറഞ്ഞാല്‍ പോര കേള്‍വിക്കു പരിമിതിയുളളവര്‍ക്ക് ദൃശ്യഭാഷയായിരിക്കണം മാധ്യമം. ഇതേ പോലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്കായി സങ്കരമാധ്യമം സ്വീകരിക്കണം. അധ്യാപകര്‍ ആശയവിനിമയത്തിനും ശരീരഭാഷ സമൃദ്ധമായി ഉപയോഗിക്കണം.
  • കുട്ടികളുടെ സ്ഥാനം അധ്യാപികയുടെ മുഖം, ചുണ്ടനക്കം, കണ്ണുകളുടെ ചലനം എന്നിവ കാണത്തക്ക വിധം ആയിരിക്കണം. കേള്‍വിദൂരവും കുറവായിരിക്കണം.
  • ലിഖിതവും വീചികവുമായ നിര്‍ദ്ദേശങ്ങളുടെ കൃത്യത, വ്യക്തത, ലാളിത്യം ക്രമം ,സഹായ സൂചന ഇവ പ്രധാനമാണ്.
  • പാഠങ്ങളുടെ ഗൗരവഭാവം മുറിയണം. ആഖ്യാനരീതിയുടെ വൈവിധ്യം പ്രധാനം. താല്പര്യം നിലനിര്‍ത്തുന്ന രചനാരീതി ഉപയോഗിക്കണം. ചരിത്രപാഠങ്ങളില്‍ ചിലത് കഥാരൂപത്തില്‍ / ആത്മകഥാഭാഗമായി ഒക്കെ വരാം.
  • ചിത്രങ്ങള്‍ വൈകാരികവും അന്വേഷണാതമകവുമായ തലങ്ങളെ അഭിസംബോധന ചെയ്യുന്നതാകണം. ഒപ്പം അത് കലാമൂല്യത്തിലും ആസ്വാദ്യതയുണര്‍ത്തണം. ഫോട്ടോഗ്രാഫിയുടെ സാധ്യത ചൂഷണം ചെയ്യണം, കാര്‍ട്ടൂണുകള്‍, കാരിക്കേച്ചറുകള്‍ തുടങ്ങിയവയും അനുവദിക്കപ്പെടണം.
  • അസൈന്മെന്റുകള്‍ നല്‍കുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ അത് എപ്രകാരം പൂര്‍ത്തീകരിക്കുമെന്ന ധാരണ വേണം. എന്തു സഹായം ഈ കുട്ടികള്‍ക്ക് ആവശ്യമുണ്ട് , ആരു സഹായിക്കും എന്നുളള തിരിച്ചറിവോടെ അസൈന്‍മെന്റുകളെ അനുരൂപീകരിക്കണം. പ്രതീക്ഷിക്കുന്ന ഉല്പന്നം സംബന്ധിച്ചും അനുരൂപീകരണതലം കണക്കാക്കണം.
  • ഉളളിലുണ്ടെങ്കിലും എഴുതി പ്രകടിപ്പിക്കാന്‍ പ്രയാസമുളള കുട്ടിയെയും കാണണം. ആരാണ് അവരുടെ ചിന്തകളെ അക്ഷരങ്ങള്‍ ആക്കുക. പൊതു പരീക്ഷയ്ക്കു മാത്രം ഇത്തരം സഹായം മതിയോ?
  • ഓര്‍മിച്ചു വെക്കാന്‍ പ്രയാസമുളളവര്‍ക്കായി സ്മരണാസഹിയി ( ക്ലാസ് പ്രദര്‍ശനങ്ങള്‍ ), അര്‍ഥപൂര്‍ണമായി ആവര്‍ത്തിക്കല്‍ ,ആശയങ്ങളെ കണ്ണി ചേര്‍ക്കല്‍ എന്നിവ നടത്തണം.
  • പാഠത്തിലേക്കു കടക്കും മുമ്പ് പ്രവചനത്തിനുളള അവസരം ഒരുക്കാം. ചരിത്ര മുഹൂര്‍ത്തങ്ങളില്‍ തുടര്‍ന്നു എന്തു സംഭവിച്ചു കാണും എന്നു പ്രവചിക്കുന്നത് ചിന്തയെ സജീവമാക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ക്ലാസിലെ മിടുക്കര്‍ എന്നു പൊതുവേ അറിയപ്പെടുന്നവരുടെ വിളിച്ചു പറയല്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കരുത്.
  • ആദ്യാവസരങ്ങള്‍ ആര്‍ക്ക് എന്നതില്‍ പ്രത്യേക ശ്രദ്ധ വേണം.
  • വിലിയ ചോദ്യങ്ങള്‍ (big questions) ഉന്നയിക്കപ്പെടണം. ഉദാഹരണത്തിനു ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഈ ചോദ്യത്തിനു പല നിലവാരത്തിലുളള ഉത്തരം ക്ലാസില്‍ ഉണ്ടാകും. എല്ലാ കുട്ടികള്‍ക്കും അവസരവും ഒപ്പം പങ്കുവെക്കലിനും കൂടുതലറിയലിനും വഴിയും ഉണ്ടാകും.
  • അന്വേഷണാത്മക ചോദ്യങ്ങള്‍ .ചിന്തയെ നയിക്കുന്ന ചോദ്യങ്ങള്‍ ക്ലാസില്‍ മാത്രം പോര പാഠത്തിന്റെ ഭാഗമാകണം.
  • ഉച്ചത്തില്‍ ചിന്തിക്കുക എന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ക്ലാസുകളില്‍ ഏറെ പ്രയോജനം ചെയ്യും. ഞാനായിരുന്നെങ്കില്‍ ഇങ്ങനെ ചിന്തിക്കുമായിരുന്നു എന്ന രീതിയില്‍ സ്വന്തം ചിന്തയെ എല്ലാവര്‍ക്കും കേള്‍ക്കത്തക്കവിധം സ്വാഭാവികതയോടെ അവതരിപ്പിക്കുന്നത് ചിന്താ തടസ്സത്തെ മറികടക്കുന്നതിനുളള സഹായമാണ്.
  • മനസ്സിലാക്കാന്‍ കോഡുകള്‍ ഉപയോഗിക്കാം. ഇതു സൂചകവാക്ക് ആകാം.
    • വാക്യങ്ങളിലെ വാക്കുകളുടെ എണ്ണം കൂടരുത്. ചെറു വാക്യത്തിനു നിര്‍വചനം വേണം. ആറു് / ഏഴു വാക്കുകളില്‍ വാക്യത്തെ കുറുക്കണം. 
    • വസ്തുതകളുടെ ക്രോഡീകരണം ഓരോ യൂണിറ്റിലും ഇടയ്ക്കിടയ്ക്ക് നല്കാം. ഇങ്ങനെ ചയ്യുമ്പോള്‍ കുട്ടികളുടെ കണ്ടെത്തലിനെ തടസ്സപ്പെടുത്തരുത്. ചെക്ക് ലിസ്റ്റ് ആയി നല്കാം.
  • വര്‍ഗീകരണസാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. സമാനമായ കാര്യങ്ങളെ ഓര്‍ത്തെടുക്കുന്നതിനു ഇതു സഹായകമാണ്.
    • ആശയഭൂപടം നിര്‍മിക്കല്‍ എല്ലാ കുട്ടികളുടെയും ചിന്താസാന്നിദ്ധ്യം അനിവാര്യമാക്കും വിധം നല്‍കണം ഉദാ ജനാധിപത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സില്‍ വന്നത് ഓരോരുത്തരും എഴുതിയ ശേഷം ക്രോഡികരിക്കുന്ന രീതി സ്വീകരിക്കുമ്പോള്‍ ചില വിശദീകരണങ്ങളും ഉപാശയങ്ങളും കൂട്ടിച്ചേര്‍ത്തു വിപുലപ്പെടുത്തലും നടക്കും. ഇത് കുട്ടികള്‍ക്കു നല്ല അനുഭവം ആകും.
  • പുസ്തകവലിപ്പത്തിന്റെ പരിമിതി മറികടക്കണം. ചിത്രങ്ങള്‍, ഭൂപടങ്ങള്‍ എന്നിവ ലേഔട്ട് ചെയ്ത ആളുടെ ബോധനശാസ്ത്ര പരിമിതധാരണമൂലം അവയിലെ കളര്‍ച്ചേരുവ , ഭാഷ, വലുപ്പം എന്നിവ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്രദമല്ല. അതിനാല്‍ വലിയ ഷീറ്റുകളില്‍ പ്രിന്റ് ചെയ്ത് മടക്കി വെക്കാവുന്ന പേജുകള്‍ ആലോചിക്കണം. ക്ലാസില്‍ കളറിലുളള വലിയ പേജുകളുടെ ശേഖരം ഉണ്ടെങ്കില്‍ ആവശ്യക്കാര്‍ക്കു ഉപയോഗിക്കാം.
  • അവലോകനങ്ങളുടെ നൈരന്തര്യം അധ്യാപകസഹായിയില്‍ വ്യക്തമാക്കണം.
  • പാഠം എല്‍ സി ഡി സ്കീനില്‍ കാണുന്നതിനും കുട്ടികളുടെ പ്രതികരണം തത്സമയം കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് സ്കീനില്‍ കാണിക്കുന്നതും താല്പര്യം വര്‍ദ്ധിപ്പിക്കും. ( കട്ട്&പേസ്റ്റ്, പ്രാധാന്യമനുസരിച്ച് ഫോണ്ടുകളുടെ വലുപ്പവും നിറവും നിലയും മാറ്റല്‍, ബുളളറ്റിനിട്ടും നമ്പരിട്ടുമുളള ക്രമീകരണം എന്നിവ ആശയസ്വീകരണക്ഷമത കൂട്ടും)
  • ക്ലാസ് മ്യൂസിയം ഒരുക്കുന്നത് പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്ക് നല്ല അനുഭവമായിരിക്കും. പഴയ വസ്തുക്കളും ആധികാരികരേഖകളും കിട്ടുന്നില്ല എന്നു കരുതി ഈ സാധ്യത ഉപേക്ഷിക്കരുത്. കുട്ടികളുടെ നിര‍മാണശേഷി, ചിത്രീകരണശേഷി എന്നിവ പ്രയോജനപ്പെടുത്തി ഇതു ചെയ്യാന്‍ കഴിയണം.
  • ചരിത്രവുമായി ബന്ധപ്പെട്ട ഫിലിം പ്രദര്‍ശനവും ചര്‍ച്ചയും നടത്തണം. പാഠങ്ങളുമായി ബന്ധപ്പെടുത്താവുന്ന ഫിലിമുകളുടെ സിഡികള്‍ ശേഖരിച്ചു സ്കൂളിനു നല്‍കണം.
  • പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളില്‍ വികസിക്കേണ്ട നൈപുണികള്‍ സംബന്ധിച്ച ധാരണയുണ്ടാകണം. ഇല്ലെങ്കില്‍ ഇവരെ പ്രത്യേകം മാറ്റിയിരുത്തി പഠിപ്പിക്കുന്ന പ്രവണതയുണ്ടാകും.( നൈപുണികള്‍ അടുത്ത പോസ്റ്റില്‍ )

പ്രായോഗികാനുഭാവങ്ങളിലൂടെ (case studies)
1.വര്‍ഷയുടെ പുഞ്ചിരി

തൊങ്ങല്‍ നെല്ലി മൂട് സ്കൂളിലെ ഒന്നാം ക്ലാസിലെ കൂട്ടുകാരി
-വര്‍ഷ
രാവിലെ അമ്മമ്മയുടെയും രണ്ടു ചേട്ടന്മാരുടെയും അകമ്പടിയില്‍ അമ്മയുടെ കയ്യിലിരുന്നു സ്കൂളിലേക്ക് യാത്ര
ജന്മനാതന്നെ കയ്യും കാലും ഇളക്കാന്‍ ബുദ്ധിമുട്ട്.
പഠിക്കാന്‍ അതീവ താല്പര്യം.
ക്ലാസില്‍ എത്തിയപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് അവളെയാണ്
അവള്‍ മാത്രം എഴുന്നേറ്റില്ല
പതിയെ ഒരു നമസ്തേ തന്നു.പിന്നെ മനോഹരമായ ഒരു പുഞ്ചിരിയും.
ക്ലാസ് മുറിയില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവളുടെ ആവേശം എന്നില്‍ അത്ഭുതം സൃഷ്ടിച്ചു .
പന്ത്രണ്ടു ദിവസത്തെ കളരി വര്ഷയില്‍ എങ്ങനെ പ്രവര്‍ത്തിച്ചു
ഇടം കയ്യില്‍ പേന പിടിച്ചു വട്ടംവരചിരുന്ന അവള്‍ വലതു കയ്യിലേക്ക് പേന മാറ്റി..ചില അക്കങ്ങങ്ങളും അക്ഷരങ്ങളും ചിത്രങ്ങളും എഴുതാന്‍ കഴിയുന്നു അവളുടെ ബുക്കിലും മനസ്സിലും അവ വേര് പിടിച്ചു വളരുകയാണ്.
പല പ്രവത്തനങ്ങളുടെയും ക്രിയാത്മക വിലയിരുത്തല്‍ വര്‍ഷയുടെതായി
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം ഏറ്റെടുക്കാന്‍ തുടങ്ങി.
സ്കൂളിലെ കൂട്ടുകാര്‍ വായനശാലാ സന്ദര്‍ശനത്തിനു പോയപ്പോള്‍ അവളും കൂടി
വര്‍ഷയും ചോദ്യകര്ത്താവായി

കൈകൊട്ടാനും ചില അവസരങ്ങളില്‍ കൂട്ടുകാരുടെ സഹായത്തോടെ എന്നീട്ടു നില്‍ക്കാനും അവള്‍ ശ്രമം തുടങ്ങി
ടീച്ചറുടെ സഹായത്തോടെ ചുമര് പിടിച്ചു നടക്കാന്‍ ശ്രമം.
ഞാന്‍ ചില ഇടപെടല്‍ നടത്തി.
വര്‍ഷ പറയുന്നത് അവളുടെ
നോട്ടു ബുക്കിലും ചിലപ്പോള്‍ ബോട്ടിലും ഞാന്‍ എഴുതിക്കൊടുത്തു.
എല്ലാ പ്രവര്‍ത്തനങ്ങളിലും അവളുടെ പങ്കാളിത്തം ഉറപ്പാക്കി.

വര്‍ഷ ഇല്ലാത്ത പ്രവര്‍ത്തനം ഇല്ല
ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ നിരന്തര ശ്രദ്ധ നല്‍കി
രക്ഷിതാവുമായി ആശയവിനിമയം എന്നും നടത്തി
റിസോഴ്സ് ടീച്ചറിന്റെ പിന്തുണ തേടി
ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ ഞാന്‍ വര്‍ഷയുടെ അടുത്ത് ചെല്ലാന്‍ അവസരം കണ്ടെത്തി
കോരിയോ ഗ്രാഫി നേതൃത്വം വര്‍ഷയ്ക്ക് നല്‍കും വിധം ക്രമീകരിച്ചു
കഥ പറയല്‍-കഥയുടെ കെട്ടഴിച്ചു വര്‍ഷ ഭാവനയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടി
ചാര്‍ട്ടില്‍ എഴുതല്‍-വര്‍ഷയ്ക്ക് എഴുതാന്‍ കഴിയുന്ന തരത്തില്‍ ചലിക്കുന്ന
സ്ടാന്റ്റ് ഉണ്ടാക്കി അവളെയും പങ്കെടുപ്പിച്ചു
ലേഖന പ്രവര്‍ത്തനങ്ങള്‍ -പെന്‍സില്‍ മാറ്റി സ്കെച് പേന നല്‍കി.പ്രത്യേക മണല്പ്പെട്ടി നല്‍കി മണലില്‍ വിരല്‍ കൊണ്ടെഴുതാന്‍ അവസരം
നോട ബുക്കില്‍ അവള്‍ക്കു വേണ്ടി അവളുടെ ആശയങ്ങള്‍ എഴിതിക്കൊടുത്ത്
ചിത്രം വരയ്ക്കുമ്പോള്‍ നിറം നല്‍കാന്‍ അവസരം
ആ ക്ലാസില്‍ പ്ലാസ്റിക് കസേരയാണ്.അത് വ്ര്‍ഷയ്ക്ക് വഴങ്ങില്ല
വീഴും പകരം മരക്കസേര കൊടുക്കാന്‍ പി ടി എ തയ്യാറായി
ഞങ്ങള്‍ അത് സമ്മതിച്ചില്ല
വര്‍ഷയുടെ ആത്മവിശ്വാസം കൂട്ടണം വര്‍ഷ വീഴില്ല.
അതെ അവള്‍ മനസ്സില്‍ കരുതി വര്‍ഷ വീഴില്ല
മറ്റുള്ളവരെ ക്കാള്‍ മിടുക്കിയാണ് വര്‍ഷ
അവള്‍ക്കു ഊര്‍ജവും ശ്രദ്ധയും നല്‍കി മുന്നോട്ടു പോകാന്‍ തീരുമാനം
--

ബാലരാമപുരത്ത് നിന്നും പ്രേംജിത്ത് അയച്ചു തന്ന ഈ അനുഭവം ചൂണ്ടുവിരല്‍ അഭിമാനത്തോടെ പങ്കുവെക്കുന്നു .

2.അഭയ
കീഴാറ്റിങ്ങ ല്‍ സ്കൂള്‍ ബ്ലോഗില്‍ പ്രകാശിപ്പിച്ച ഒരു അനുഭവം  ചൂണ്ടു വിരല്‍ പങ്കിടുന്നു. പല സ്കൂളുകാരും സവിശേഷ പരിഗണന നല്‍കേണ്ട കുട്ടികളെ പ്രത്യേകം അവഗണിച്ചു മൂലയ്ക്കൊതുക്കി ലേബല്‍ ചെയ്യുമ്പോള്‍ അതില്‍നിന്നും വ്യത്യസ്തമായ സമീപനം പുലര്‍ത്തി ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചു വിജയിക്കുന്നതിന്റെ നേര്‍ ചിത്രമാണിത്..മറ്റു കുട്ടികളെ എങ്ങനെയും പിന്തള്ളി മുന്നിലെത്തുക എന്നതിന് പകരം കൈ കോര്‍ത്തു മുന്നേറുക എന്ന സമീപനം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ആണ് വേണ്ടത്.



"അഭയ ഭയന്ന് ഒരു മൂലയിലിരിക്കും!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.
ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.
എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെ അവകാശം!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല- പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!
അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.
ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.
  • വിവരണം?
  • നാടകീകരണം?
  • അഭിനയം?
  • സംഭാഷണം തയ്യാറാക്കൽ?
  • കഥാരചന?
  • മൈന്റ് മാപ്പിംഗ്?
എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. മനസ്സുകൊണ്ട്!

ക്ലാസില്‍ കുട്ടികള്‍ പിന്നോക്കം ആകുന്നെങ്കില്‍ അത് അവരുടെ മനസ് ഏറ്റെടുക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്.പല അധ്യാപകരും പ്രത്യേക പരിഗണന എന്നു വച്ചാല്‍ മാറ്റിയിരുത്തി പഠിപ്പിക്കുക എന്നാണു കരുതുന്നത്.പ്രത്യേക പരിഗണന എന്ന വാക്ക്  ആശയക്കുഴപ്പം ഉണ്ടാക്കുന്നുവോ?കൂടുതല്‍ പരിഗണന എന്നല്ലേ വേണ്ടത്.മറ്റുള്ളവര്‍ക്ക് കിട്ടുന്നതിനെക്കാലും കൂടുതല്‍ കൊടുക്കാന്‍ തയാറാവുക. 
നാം പാര്ശ്വവത്കരിക്കുന്നവര്‍ക്കൊപ്പം.


3.വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം

ക്കളെപ്പോലെ ക്ലാസിലെ എല്ലാ കുട്ടികളെയും സ്നേഹിക്കുന്ന, അവരുടെ കഴിവുയര്‍താന്‍ സ്വയം സമര്‍പ്പിക്കുന്ന നിരവധി അധ്യാപകര്‍ ഉണ്ട്. അവരില്‍ ഓരോരുത്തരെയും കണ്ടു മുട്ടുന്നതാണ് ധന്യമുഹൂര്‍ത്തം .
ഞാനും പത്തനംതിട്ട ബി ആര്‍ സിയിലെ ഷിജുരാജും കൂടി കോട്ടയം ജില്ലയിലെ മുണ്ടക്കയം ട്രൈബല്‍ എല്‍ പി സ്കൂളില്‍ 2010-ആഗസ്റ്റില്‍  പോയി..
അവിടെ മൂന്നാം ക്ലാസിലെ ടീച്ചറാണ് അന്നമ്മ സാമുവേല്‍- വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം.
ടീച്ചര്‍ എന്നും അഖിലിനു ഓരോ പുസ്തകം കൊടുക്കും.അവന്‍ അത് വീട്ടില്‍ കൊണ്ടുപോകും. വീട്ടുകാര്‍ അവനു അത് വായിച്ചു കേള്‍പ്പിക്കും. പിറ്റേ ദിവസം മനം നിറയെ പ്രകാശവുമായി സന്തോഷത്തോടെ അവന്‍ എത്തും. കേട്ട കഥ ടീച്ചറോട് പറയും.
സൂര്യന്‍ ഒളിച്ചിരുന്നതും. പശു വിളിച്ചിട്ട് പുറത്ത് വരാഞ്ഞതും ഒടുവില്‍ കൊക്കര കോ കേട്ടപ്പോള്‍ അതെന്തേ എന്നു അറിയാന്‍ എത്തി നോക്കിയതും പൂവന്‍ കോഴിക്ക് സമ്മാനം കൊടുത്തതും ... അവന്റെ ഭാഷയില്‍ ടീച്ചര്‍ അവന്റെ ബുക്കില്‍ അതെല്ലാം എഴുതിക്കൊടുക്കും.കഥ മാത്രമല്ല ക്ലാസില്‍ കേട്ടതും പഠിച്ചതുമെല്ലാം അവന്‍ ടീച്ചറോട് പങ്കിടും. ആ വാമൊഴികള്‍ ഒട്ടും ചോര്‍ച്ചയില്ലാതെ ടീച്ചര്‍ വരമൊഴിയാക്കും. ബുക്കുകള്‍ നിറയാറായി ..അഖിലിന്റെ ബുക്കില്‍ മറ്റു കുട്ടികളുടെ ബുക്കിലുള്ളതെല്ലാം ഉണ്ട്.ഒറ്റ വ്യത്യാസം മാത്രം കൈപ്പട ടീച്ചര്‍ വക.അവനു കൈ വഴങ്ങില്ല. പിന്നെ വായിക്കാനും പ്രയാസം. എന്നാലെന്താ അവനു ഈ ടീച്ചര്‍ ഉണ്ടല്ലോ അവന്റെ മനസ്സ് മനസ്സില്‍ ചേര്‍ത്ത ടീച്ചര്‍.. പ്രത്യേക പരിഗണന നല്‍കാന്‍ ടീച്ചര്‍ ഏപ്പോഴും ശ്രദ്ധിക്കുന്നു. കൂട്ടുകാരും അവനെ ഒപ്പം കൊണ്ട് പോകാന്‍ ശ്രമിക്കും.. എല്ലാ പ്രവര്‍ത്തനത്തിലും അവനു പങ്കാളിത്തം. നേട്ടം. സന്തോഷം.
അനുരൂപീകരനത്തിന്റെ മികച്ച മാതൃകയാണ് ടീച്ചര്‍ ഒരുക്കുന്നത് .എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്ന അധ്യാപിക .
(തുടരും ) 
മുന്‍ ലക്കം വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യൂ 

അനുരൂപീകരണം ക്ലാസില്‍ ( IEDC)

:...